അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. പരിശോധനയിൽ ഇദ്ദേഹത്തിന് ഇസിജിയിൽ വ്യതിയാനമുള്ളതായി കണ്ടെത്തിയിരുന്നു. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ ഇദ്ദേഹത്തെ വിട്ടയക്കുന്ന കാര്യത്തിൽ ഡോക്ടർമാർ തീരുമാനമെടുക്കൂ.
ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. അതീവ ഗുരുതരമായ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. മാനഭംഗം, ലൈംഗീക അതിക്രമം, അശ്ലീല ആംഗ്യങ്ങൾ കാണിച്ചു തുടങ്ങിയ കുറ്റങ്ങൾ ഇതിലുൾപ്പെടുന്നു. തൊടുപുഴയിൽ വച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.