ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിലായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്മകുമാർ ജയിൽ മോചിതനായി. കുടുംബാംഗങ്ങൾക്കും അഭിഭാഷകർക്കും ഒപ്പമാണ് പത്മകുമാർ പുറത്തേക്ക് ഇറങ്ങിയത്. ദ്വാരപാലക ശിൽപ കേസില്‍ എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്.
ആദ്യം അറസ്റ്റിലായ കട്ടിളപാളി കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക കേസിൽ 90 ദിവസത്തെ റിമാൻഡ് പൂർത്തിയായതോടെയാണ് ജാമ്യ ഹർജി നൽകിയത്. കട്ടളപ്പാളിയിലെ സ്വർണ്ണം അപഹരിച്ച കേസിൽ നവംബർ 20 നാണ് പത്മകുമാർ ആദ്യം അറസ്റ്റിലാകുന്നത്.
ഈ കേസിൽ നേരത്തെ കോടതി ജാമ്യം അനുവദിച്ചു. ഡിസംബർ രണ്ടിനാണ് ദ്വാരപാലക കേസിൽ പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിലും സ്വാഭാവിക ജാമ്യത്തിന്റെ ആനുകൂല്യം പത്മകുമാറിന് ലഭിച്ചു. ദേവസ്വം മിനിറ്റ്സ് ഉൾപ്പെടെ തിരുത്തി സ്വർണ്ണകൊള്ളയ്ക്ക് പത്മകുമാർ കൂട്ടുനിന്നുവെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തൽ.