ഓർഡർ ചെയ്ത ഭക്ഷണം വൈകിയതിന് കാസർകോഡ് തൃക്കരിപ്പൂരിൽ ഹോട്ടല്‍ അടിച്ചു തകർത്ത് യുവാക്കള്‍. തൃക്കരിപ്പൂരിലെ ‘പോക്കോപ്’ ഹോട്ടലാണ് യുവാക്കള്‍ അടിച്ചു തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തത്. അക്രമത്തിൽ ഇതര സംസ്ഥാനക്കാരായ ഹോട്ടല്‍ ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.
നാല് യുവാക്കളാണ് ഭക്ഷണം വൈകിയെന്ന് ആരോപിച്ച്‌ ഹോട്ടലില്‍ പ്രശ്നമുണ്ടാക്കുകയും ഗ്ലാസുകളും പാത്രങ്ങളും എറിഞ്ഞു തകർക്കുകയും ചെയ്തത്.

ഹോട്ടല്‍ ഉടമ ചന്തേര പൊലീസിൽ വിവരം അറിയിക്കുകയും പൊലീസെത്തി യുവാക്കളെ കസ്റ്റഡിയില്‍ എടുക്കുകയും ഇവരെ സ്റ്റേഷനില്‍ എത്തിച്ചശേഷം വിട്ടയക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇരുപത്തിയഞ്ചോളം വരുന്ന സംഘം വീണ്ടും ഹോട്ടലിലെത്തി ചില്ലുകളും സാധനങ്ങളും അടിച്ചു തകർക്കുകയും ജീവനക്കാരെയും മർദിക്കുകയും പുറത്തു നിർത്തിയിട്ടിരുന്ന ഡെലിവറി വാഹനങ്ങള്‍ തകർക്കുകയും ചെയ്തു. പയ്യന്നൂർ സ്വദേശികളായ യുവാക്കളാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇവർക്കായി തിരച്ചില്‍ ആരംഭിച്ചു.

Related Posts