അണ്ടർ 19 ലോകകപ്പ് സൂപ്പർ സിക്സിൽ പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഇന്ത്യ സെമിയിൽ. ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇംഗ്ലണ്ട് സെമി ഉറപ്പിച്ചിട്ടുണ്ട്. ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ ടീമുകളും ഇതിനോടകം സെമിയിലെത്തി. സെമിയിൽ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.
ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 46.2 ഓവറിൽ 194 റൺസിന് എല്ലാവരും പുറത്തായി. 58 റൺസ് വിജയം നേടിയ ഇന്ത്യ സെമിയിൽ കടന്നു.ഇതോടെ പാകിസ്ഥാൻ പുറത്തായി. ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം 33.3 ഓവറിൽ മറികടന്നാൽ മാത്രമെ പാകിസ്ഥാന് നെറ്റ് റൺറേറ്റിൽ ഇന്ത്യയെ മറികടന്ന് സെമിയിൽ കടക്കാനാവുമായിരുന്നുള്ളു.
പാകിസ്ഥാന് 33.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 167 റൺസിലെത്താനെ കഴിഞ്ഞുള്ളൂ. 66 റൺസ് നേടിയ ഉസ്മാൻ ഖാനാണ് ടോപ് സ്കോറർ. ഹംസ സഹൂർ 42 റൺസും ഫർഹാൻ യൂസഫ് 38 റൺസും നേടി. ഇന്ത്യയ്ക്കായി ആയുഷ് മാത്രെയും ഖിലാൻ പട്ടേലും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
സ്കോർ: ഇന്ത്യ 252 (49.5) പാകിസ്ഥാൻ 194 (46.2). ഇന്ത്യയുടെ ടോപ് സ്കോറർ വേദാന്ത് ത്രിവേദിയാണ്.