ആദിവാസികളുടെ കുടിയൊഴിപ്പിക്കൽ പ്രമേയമാക്കിയ, കാടിനെ സ്നേഹിക്കുന്ന കാട്ടുമൂപ്പൻ ചാമൻ്റെയും കൊച്ചുമകൻ്റെയും കഥ പറഞ്ഞ ‘കാടും’ സമകാലിക പ്രണയത്തിൻ്റെ നേർക്കാഴ്ചയുമായെത്തിയ ‘മോഹ’ത്തിനും ബെംഗളുരു രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി.
ആദിവാസികളുടെ കുടിയൊഴിപ്പിക്കൽ പ്രമേയമാക്കിയ ചിത്രമാണ് കാട്. പണിയ ഭാഷയിലൊരുക്കിയ ചിത്രത്തിൽ കണ്ണൂർ ആറളം വനത്തിലെ കാളമുപ്പൻ, ഷർമിത്ത്, സന്തോഷ് കീഴാറ്റൂർ എന്നിവരാണു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ആദിവാസി വിഭാഗക്കാരെ പ്രധാന കഥാപാത്രങ്ങളാക്കി കോഴിക്കോട് സ്വദേശി സുനീഷ് വടക്കുമ്പാടൻ സംവിധാനം ചെയ്ത ചിത്രമാണ് കാട്. കേരള ചലച്ചിത്ര വികസന കോർപറേഷനാണു ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആറളം ഫാം, കണ്ണവം, മുത്തങ്ങ എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമയിൽ ആദിവാസി ഗോത്ര വിഭാഗത്തിലെ കലാകാരന്മാരും പ്രായമായവരും കുട്ടികളും നാടക പ്രവർത്തകരുമെല്ലാം ഭാഗമായിട്ടുണ്ട്. ഫെബ്രുവരി 20ന് ശേഷം ഇരുപതോളം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നു സുനീഷ് വടക്കു മ്പാടൻ പറഞ്ഞു.
കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച പ്രതികരണം ലഭിച്ച മോഹം സംവിധാനം ചെയ്തത് ഫാസിൽ റസാഖ് ആണ്. മോഹം സമകാലിക പ്രണയത്തിൻ്റെ നേർക്കാഴ്ചയാണു പ്രമേയമാക്കിയത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ശ്രദ്ധ നേടിയ ചിത്രമാണ് മോഹം. അമൃതകൃഷ്ണകുമാർ, ഇസാഫ് മുസാഫിർ എന്നിവരാണു പ്രധാന വേഷങ്ങളിലെത്തുന്നത്.
മേളയിൽ ഇന്ന് മലയാള ചിത്രങ്ങളുടെ പ്രദർശനം ഇല്ല. ഇന്ന് ലുലുമാളിലെ സിനിപോളിസിൽ അഞ്ചാം നമ്പർ സ്ക്രീനിൽ പേർഷ്യൻ സിനിമ ഡിവൈൻ കോമഡി, സ്ക്രീൻ ഏഴിൽ കൊറിയൻ സിനിമ ദ് ഫിൻ, ബ്ലൂ മൂൺ തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പി ക്കും.