ഈസ്റ്ററിനോട് അനുബന്ധിച്ച ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്ന് നാട്ടിലേക്ക് പുറപ്പെടുന്ന തീവണ്ടികളിൽ റിസർവേഷൻ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു. ഏപ്രിൽ ഒന്ന്, രണ്ട് ദിവസങ്ങളിൽ പുറപ്പെടുന്ന ബെംഗളൂരു- കന്യാകുമാരി എക്‌സ്പ്രസിലാണ് (16526) ടിക്കറ്റ് വേഗത്തിൽ തീർന്നത്. ഇന്നലെ രാത്രി എട്ടു മണിവരെയുള്ള ബുക്കിങ് പ്രകാരം ഈ തീവണ്ടിയിൽ ഈ രണ്ടുദിവസവും റിസർവേഷൻ നില വെയിറ്റിങ് ലിസ്റ്റാണ്. സ്ലീപ്പർ, എ.സി. ഇക്കോണമി ക്ലാസ്, തേഡ് എ.സി. അടക്കം എല്ലാ ക്ലാസിലും ബെർത്തുറപ്പുള്ള ടിക്കറ്റ് തീർന്നു.

ഏപ്രിൽ ഒന്നിന് ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന തീവണ്ടികളിലാണ് തിരക്ക് കൂടുതൽ. ശനിയാഴ്ച്‌ചയാണ് ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചത്. ഒരുമണിക്കൂറിനുള്ളിൽ ടിക്കറ്റുകൾ വിറ്റുതീർന്നു. ഈസ്റ്റർ ഏപ്രിൽ അഞ്ചിനാണെങ്കിലും നാട്ടിൽപോകുന്നവരിൽ ഏറെയും പെസഹാ വ്യാഴാഴ്ച്ച രാവിലെയെങ്കിലും കേരളത്തിൽ എത്തുന്ന വിധത്തിൽ യാത്ര ആസൂത്രണം ചെയ്യുകയാണ് പതിവ്. തെക്കൻകേരളത്തിലേക്കുള്ള മറ്റൊരു പ്രതിദിന തീവണ്ടിയായ മൈസൂരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസിലും (16315) ബുക്കിങ് അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ഈ തീവണ്ടിയിൽ ഏപ്രിൽ ഒന്നിന് സ്ലീപ്പർ ക്ലാസിലും തേഡ് എ.സി.യിലും ബർത്തുറപ്പുള്ള ടിക്കറ്റ് തീർന്നു. ബെംഗളൂരു-കന്യാകുമാരി എക്‌സ്പ്രസിൽ ഏപ്രിൽ ഒന്നിന് പുറപ്പെടുന്ന സർവീസിൽ സ്ലീപ്പർ ക്ലാസിൽ ഇതുവരെ 100ൽ ഏറെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് വിറ്റുപോയി. ഏപ്രിൽ രണ്ടിനുള്ള യശ്വന്ത്പുര-തിരുവനന്തപുരം നോർത്ത് ഗരിബ് രഥ് എക്‌സ്പ്രസിൽ 500-ൽപ്പരം ടിക്കറ്റ് ബാക്കിയുണ്ട്.

Related Posts