ഹാസൻ ജില്ലയിലെ ബെലൂർ താലൂക്കിലെ കെസഗോഡ് ഗ്രാമത്തിൽ നടുക്കുന്ന സംഭവം. ഭാര്യയെ കൊലപ്പെടുത്തിയതായി ബന്ധുക്കളെ വീഡിയോ കോളിലൂടെ അറിയിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രഘു (41) ആണ് മരിച്ചത്. ഭാര്യ ഗഗനയെ (38) ഇതുവരെ കണ്ടെത്താനായിട്ടില്ല.

രഘുവും ഗഗനയും കാറിൽ കെസഗോഡ് ഗ്രാമത്തിലെത്തിയ ശേഷം ഇരുവരും തമ്മിൽ തർക്കമുണ്ടായതായി പറയുന്നു. ഗഗനയെ കൊലപ്പെടുത്തിയെന്നും മൃതദേഹം കനാലിൽ തള്ളുമെന്നും ഇയാൾ ബന്ധുക്കളെ വീഡിയോ കോളിലൂടെ അറിയിക്കുകയായിരുന്നു. പിന്നീട് അതേ സ്ഥലത്ത് രഘുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

13 വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. 12-ഉം 6-ഉം വയസ്സുള്ള രണ്ട് മക്കളുള്ള ഇവർ ചിക്കമംഗളൂരുവിൽ ബേക്കറി നടത്തിവരികയായിരുന്നു. സംഭവത്തിന് പിന്നാലെ ഗഗനയെ കാണാതായതായി ബസവനഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തു.

എന്നാൽ ഗഗന കൊല്ലപ്പെട്ടെന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. യാഗചി കനാലിലും സമീപ പ്രദേശങ്ങളിലുമായി വ്യാപക തെരച്ചിൽ തുടരുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത ഹാസൻ പൊലീസും കാണാതായ വ്യക്തിയെന്ന നിലയിൽ ചിക്കമംഗളൂരു പൊലീസും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും യഥാർത്ഥ കാരണം കണ്ടെത്താനും പൊലീസ് അന്വേഷണം തുടരുകയാണ്.

Related Posts