കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാളിൽ ബസ് സ്റ്റാൻഡിൽ വെച്ചുണ്ടായ ആക്രമണത്തിൽ 21-കാരിയായ യുവതി കൊല്ലപ്പെട്ടു. കല്ലഡ്കയിലെ സ്വകാര്യ നഴ്സിംഗ് ഹോമിൽ ജീവനക്കാരിയായ ഉളിഗ്രാം സ്വദേശിനി ലാവണ്യയാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ബസ് കാത്തുനിൽക്കുന്നതിനിടെ ബെൽത്തങ്ങാടി സ്വദേശിയായ ചേതൻ എന്ന യുവാവ് ലാവണ്യയെ ആക്രമിച്ചതായാണ് പൊലീസ് പറയുന്നത്. ബാഗിൽ ഒളിപ്പിച്ചുകൊണ്ടുവന്ന കൊടുവാൾ പുറത്തെടുത്ത പ്രതിയെ കണ്ട ലാവണ്യ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ ഇയാൾ പൊതുജനങ്ങൾ നോക്കി നിൽക്കേ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനുശേഷം ആയുധം സംഭവസ്ഥലത്ത് ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ ലാവണ്യയെ നാട്ടുകാർ ഉടൻ ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക പരന്നിരിക്കുകയാണ്.
പ്രതിക്കായി വ്യാപക തിരച്ചിൽ ആരംഭിച്ച പൊലീസ്, വിവിധ സംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുകയും ചെയ്യുകയാണ്.