കർണാടക മന്ത്രിസഭാ വികസനം സംബന്ധിച്ച അന്തിമ തീരുമാനം വീണ്ടും നീണ്ടു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെപിസിസി അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ് എന്നിവർ ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ വ്യക്തമായ ധാരണയിലെത്താനായില്ല. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അടിയന്തര ബെംഗളൂരു യാത്രയും തീരുമാനമെടുക്കൽ വൈകാൻ കാരണമായെന്നാണ് വിവരം.
മന്ത്രിസഭയിലേക്ക് പരിഗണിച്ച പട്ടികയിൽ പഴയ മന്ത്രിമാർക്കാണ് കൂടുതൽ പ്രാധാന്യം നൽകിയതെന്ന റിപ്പോർട്ടിനെ തുടർന്ന് രാഹുൽ ഗാന്ധി അതൃപ്തി അറിയിച്ചതായാണ് സൂചന. 2028ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് യുവ നേതാക്കൾക്കും പുതുമുഖങ്ങൾക്കും മന്ത്രിസഭയിൽ കൂടുതൽ അവസരം നൽകണമെന്ന് അദ്ദേഹം നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.
സംസ്ഥാന നേതാക്കളുടെ അഭിപ്രായങ്ങൾ രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും വിശദമായി കേട്ടതായും, ഖാർഗെ തിരിച്ചെത്തിയശേഷം വീണ്ടും ചർച്ച നടത്തി മാത്രമേ അന്തിമ തീരുമാനം പ്രഖ്യാപിക്കൂവെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുമ്പായി മന്ത്രിസഭാ വികസനം പൂർത്തിയാക്കാനാണ് നേതൃത്വത്തിന്റെ ലക്ഷ്യം. നിലവിൽ 20 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ സ്ഥാനവും ഒഴിഞ്ഞുകിടക്കുന്നതിനാൽ ഉടൻ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി.