നീറ്റ് പരീക്ഷ കൂടുതൽ വിദ്യാർത്ഥിസൗഹൃദവും സുതാര്യവുമാക്കാൻ കേന്ദ്രസർക്കാർ സുപ്രധാന പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. പരീക്ഷാ കേന്ദ്രം വീടിനടുത്ത് ലഭ്യമാക്കൽ, കേന്ദ്രവിവരം മുൻകൂട്ടി അറിയിക്കൽ, ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കൂടുതൽ സമയം അനുവദിക്കൽ എന്നിവയാണ് പ്രധാന മാറ്റങ്ങൾ. ഓഗസ്റ്റ് 30-ന് നടക്കുന്ന നീറ്റ് പി.ജി. പരീക്ഷയിൽ പുതിയ ക്രമീകരണങ്ങൾ നിലവിൽ വരും. 2.73 ലക്ഷം പേരാണ് ഇത്തവണ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുൻപ് ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് സമീപ പരീക്ഷാകേന്ദ്രങ്ങൾക്ക് മുൻഗണന ലഭിച്ചിരുന്നെങ്കിലും, ഇനി പരീക്ഷാർഥികൾക്ക് മൂന്ന് സംസ്ഥാനങ്ങൾ തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും. സ്വന്തം വിലാസമുള്ള സംസ്ഥാനത്തിന് ആദ്യ മുൻഗണന നൽകുന്നത് വഴി വീടിനടുത്ത് പരീക്ഷാകേന്ദ്രം ലഭിക്കാനുള്ള സാധ്യത വർധിക്കും. പരീക്ഷാകേന്ദ്ര വിവരങ്ങളും നേരത്തേ അറിയിക്കുന്നതിനാൽ യാത്രയും താമസവും മുൻകൂട്ടി ക്രമീകരിക്കാൻ വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം ലഭിക്കും.
പരീക്ഷാ രീതിയിലും മാറ്റമുണ്ട്. ഇനി 210 മിനിറ്റിനുള്ളിൽ 180 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. മുമ്പ് 200 ചോദ്യങ്ങളായിരുന്നതിനാൽ, അതേ സമയപരിധിയിൽ ഓരോ ചോദ്യത്തിനും കൂടുതൽ സമയം ലഭിക്കും. പരീക്ഷ ഒറ്റ ഷിഫ്റ്റിലായിരിക്കും നടക്കുക.
സുരക്ഷാ സംവിധാനങ്ങളും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. പരീക്ഷാ അപേക്ഷ മുതൽ പരീക്ഷാദിനം വരെ ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന നിർബന്ധമാക്കും. വിരലടയാള പരിശോധന പരാജയപ്പെട്ടാൽ ഐറിസ് (കൃഷ്ണമണി) പരിശോധനയും നടത്തും. ചോദ്യപ്പേപ്പർ തയ്യാറാക്കൽ മുതൽ വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും കർശന സുരക്ഷാ സംവിധാനം ഏർപ്പെടുത്തും. പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കാൻ 60,000-ത്തിലധികം ഉദ്യോഗസ്ഥരെയും സ്വതന്ത്ര നിരീക്ഷകരെയും വിന്യസിക്കുമെന്ന് അധികൃതർ അറിയിച്ചു.