സംസ്ഥാനത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും വീടും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കും സർക്കാർ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു. വെള്ളം ഇറങ്ങിയ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും ജനപ്രതിനിധികളും ഈ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ശുചീകരണ പ്രവർത്തനങ്ങൾക്ക് സർക്കാരിൻ്റെ പൂർണ പിന്തുണ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മഴക്കെടുതിയിൽ എട്ട് പേർ മരിക്കുകയും എട്ട് പേരെ കാണാതാകുകയും ചെയ്തു. 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നതായും അദ്ദേഹം അറിയിച്ചു.
മഴയുടെ ശക്തി കുറഞ്ഞെങ്കിലും മലയോര മേഖലകളിൽ ഇപ്പോഴും ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാർ സംവിധാനങ്ങൾ സജ്ജമാണെന്നും സഹായം ആവശ്യമുള്ളവർ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ബന്ധപ്പെടണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.