2025-27 കാലത്തേക്കുള്ള മത്സരക്രമം ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പൂർത്തിയായതിനു പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ടു. മൊത്തം 71 മത്സരങ്ങൾ നടക്കും. ശ്രീലങ്ക സ്വന്തം നാട്ടിൽ ജൂൺ 17-ന് ബംഗ്ലാദേശിനെതിരേ കളിക്കുന്നതോടെ സീസണിന് തുടക്കമാകും. ജൂൺ 20-ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയോടെ കളികൾക്കും തുടക്കമാകും.

കൂടുതൽ മത്സരം കളിക്കുന്ന ടീം ഓസ്ട്രേലിയയാണ്, 22 ടെസ്റ്റുകളാണ് ടീമിനുള്ളത്. 21 ടെസ്റ്റുകളുണ്ട് ഇംഗ്ലണ്ടിന്.18 ടെസ്റ്റുകളിൽ ഇന്ത്യ ഇറങ്ങും. ഇതിൽ 9 വീതം ഹോം, എവേ മത്സരങ്ങളാണ്. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ഓസ്ട്രേലിയ ടീമുകളോടാണ് ഇന്ത്യ നാട്ടിൽ കളിക്കുന്നത്. ശ്രീലങ്ക, ന്യൂസീലൻഡ്, ഇംഗ്ലണ്ട് ടീമുകളുമായി അവരുടെ നാട്ടിലും കളിക്കും. നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്ക 14 ടെസ്റ്റുകളിലാണ് കളിക്കുന്നത്. ഒക്ടോബറിലാണ് പാകിസ്‌താനെതിരേ അവരുടെ ആദ്യമത്സരം.

9 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഐസിസി ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിന് ഉണർവ് നൽകാനാണ്. പോയിൻ്റ് ശരാശരി കണക്കിലെടുത്ത് മുന്നിൽ വരുന്ന രണ്ട് ടീമുകളാണ് ഫൈനലിൽ കളിക്കുന്നത്. ബോണസ് പോയിൻ്റ് നടപ്പാക്കാൻ ഇത്തവണ മുതൽ ഐസിസി ആലോചിച്ചിരുന്നെങ്കിലും തീരുമാനമുണ്ടായിട്ടില്ല. നിലവിൽ ജയത്തിന് 12 പോയിൻ്റും ടൈ വന്നാൽ 6 പോയിൻ്റും സമനിലയ്ക്ക് 4 പോയിൻ്റുമാണ് ലഭിക്കുന്നത്. ബോണസ് പോയിൻ്റ് വൻവിജയത്തിന് നൽകാനാണ് ആലോചിച്ചിരുന്നത്.

Related Posts