ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ അപൂർവ നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ദക്ഷിണാഫ്രിക്കൻ താരം വിയാൻ മുൾഡറെ പുറത്താക്കിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 450 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇടംകൈയൻ ബൗളറായി സ്റ്റാർക്ക് മാറി. ഇതോടെ ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിൻ്റെ റെക്കോർഡും താരം മറികടന്നു. പന്തുകളുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ 450 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന പേസറെന്ന നേട്ടമാണ് സ്റ്റാർക്ക് സ്വന്തമാക്കിയത്. 20,577 പന്തുകളിലാണ് താരം ഈ നേട്ടത്തിലെത്തിയത്. 23,474 പന്തുകളിൽ 450 വിക്കറ്റ് നേടിയ മഗ്രാത്തിൻ്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.
എന്നാൽ മത്സരങ്ങളുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ 450 വിക്കറ്റ് തികച്ച പേസറെന്ന റെക്കോർഡ് മഗ്രാത്തിൻ്റെ പേരിൽ തുടരുന്നു. 100 ടെസ്റ്റുകളിൽ നിന്നാണ് മഗ്രാത്ത് ഈ നേട്ടത്തിലെത്തിയത്. സ്റ്റാർക്കിന് 109 മത്സരങ്ങൾ വേണ്ടിവന്നു. ഇടംകൈയൻ ബൗളർമാരുടെ പട്ടികയിൽ രംഗണ ഹെറത്ത് (433), വസീം അക്രം (414), ഡാനിയൽ വെട്ടോറി (362), രവീന്ദ്ര ജഡേജ (356) എന്നിവരെയും സ്റ്റാർക്ക് പിന്നിലാക്കി. ഷെയ്ൻ വോൺ, ഗ്ലെൻ മഗ്രാത്ത്, നഥാൻ ലിയോൺ എന്നിവർക്ക് ശേഷം ടെസ്റ്റിൽ 450 വിക്കറ്റ് നേടുന്ന നാലാമത്തെ ഓസ്ട്രേലിയൻ ബൗളറെന്ന നേട്ടവും സ്റ്റാർക്ക് സ്വന്തമാക്കി.