ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്..’: ആശുപത്രിയിൽനിന്ന് ഉമ തോമസ് എം.എൽ.എ,
‘മിനിസ്റ്ററേ… ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്….. വരുന്ന അസംബ്ലി സെഷനിൽ ചിലപ്പോ ഉണ്ടാവില്ല, മിനിസ്റ്റർ വന്നതിൽ സന്തോഷം”… തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു, മറ്റ് സഹപ്രവർത്തകർ എന്നിവരുമായി ഹോസ്പിറ്റലിലെ മുറിയിൽ നിന്നും ഉമ തോമസ് എം.എൽ.എ വീഡിയോ കോളിലുടെ സംസാരിക്കുകയായിരുന്നു… കലൂർ നൃത്ത പരിപാടിക്കിടെ രാജ്യാന്തര സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നു വീണു പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസിൻ്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. ആശുപ്രതിയിൽനിന്ന് ഉമ തോമസ് നടത്തിയ വിഡിയോ കോളിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമ ടീം എം.എൽ.എയുടെ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്തു. ഉമ തോമസിനെ കഴിഞ്ഞ ദിവസമാണ് തീവ്രപരിചരണ വിഭാഗത്തിൽനിന്നു മുറിയിലേക്കു മാറ്റിയതു. തലച്ചോറിലേറ്റ ക്ഷതം ഏറെ ഭേദപ്പെട്ടെന്നും ഫിസിയോ തെറപ്പി, റെസ്പിറേറ്ററി തെറപ്പി, ഒക്യുപേഷനൽ തെറപ്പി എന്നിവയാണ് ഇപ്പോൾ തുടരുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയോടു മികച്ച രീതിയിൽ പ്രതികരിക്കുന്ന ഉമ തോമസ് നന്നായി സംസാരിക്കുന്നുണ്ടെന്നും അണുബാധയുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ ഉള്ളതിനാലാണ് സന്ദർശകരെ അനുവദിക്കാത്തതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. അപകടം നടന്ന കഴിഞ്ഞ 29 മുതൽ വെൻറിലേറ്ററിലായിരുന്ന എം.എൽ.എയെ ശനിയാഴ്ചയാണ് വെൻ്റലേറ്ററിൽ നിന്നു റൂമിലേക്ക് മാറ്റിയത്.