ആർ.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവത്തിലെ പ്രതി ബംഗളൂരുവിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെ പോലീസിന്റെ പിടിയിലായി. വടകര വില്യാപ്പള്ളി സ്വദേശി ലാലു എന്ന ശ്യാംലാലിനെയാണ് വടകര പോലീസ് തൊട്ടിൽപ്പാലം കരിങ്ങാട് വെച്ച് പിടികൂടിയത്. വില്യാപ്പള്ളിയിൽ അക്രമണം നടന്ന സ്ഥലത്ത് പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. അറസ്റ്റ് രേഖപെടുത്തി കോടതിയിൽ ഹാജരാക്കും.
ആർ. ജെ.ഡി. വില്യാപ്പള്ളി പഞ്ചായത്ത് സെക്രട്ടറി മനക്കൽ താഴെ കുനി എം.ടി. കെ. സുരേഷിനാണ് വില്യാപ്പള്ളിയിൽ വെച്ച് വെട്ടേറ്റത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് വെട്ടേറ്റത്. വില്യാപ്പള്ളി കുളത്തൂർ റോഡിൽ വെച്ച് സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുമ്പോഴാണ് അക്രമമുണ്ടായത്.
സുരേഷിനെ അടിച്ച് പരിക്കേൽപ്പിച്ചതിന് ശേഷം വാൾ കൊണ്ട് വെട്ടുകയായിരുന്നു. വാൾ കൊണ്ട് വെട്ടുന്നതിനിടെ കൈ കൊണ്ട് തടുത്തതിനാലാണ് ജീവൻ രക്ഷപെട്ടത്. പ്രതി സംഭവത്തിന് ശേഷം സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.