സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ടത് നിരാകരിച്ചതിൻ്റെ പേരിൽ കെഎസ്ആർടിസി ബസിൻ്റെ ചില്ല് അടിച്ചു തകർത്ത് യുവതി. കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് പ്രീമിയം ബസിൻ്റെ സൈഡ് ഗ്ലാസാണ് യുവതി അടിച്ചു പൊട്ടിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപം ബസ് നിർത്തണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ സ്റ്റോപ്പില്ലാത്തതിനാൽ അവിടെ ബസ് നിർത്താൻ കഴിയില്ലെന്ന് ഡ്രൈവർ അറിയിച്ചു. ഇതോടെ യുവതി ഡ്രൈവറുമായും കണ്ടക്ടറുമായും തർക്കത്തിലേർപ്പെട്ടു. തർക്കത്തിനൊടുവിൽ ഗ്ലാസ് ബ്രേക്കിങ് ഹാമർ ഉപയോഗിച്ച് മുൻവശത്തെ ഡോറിൻ്റെ ചില്ല് അടിച്ചു പൊട്ടിക്കുകയായിരുന്നു.

സംഭവത്തിൻ്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. യുവതി വണ്ടി നിർത്താൻ പറയുന്നതും സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വാഹനം നിർത്താനാവില്ലെന്ന് ജീവനക്കാർ പറയുന്നതും ദൃശ്യങ്ങളിൽ കാണാം.
ബസ്സിൻ്റെ ഗ്ലാസ് അടിച്ചു പൊട്ടിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തി. യുവതിയിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കി കെഎസ്‌ആർടിസി അധികൃതർ പിന്നീട് പ്രശ്നം ഒത്തുതീർപ്പാക്കി വിട്ടയയ്ക്കുകയായിരുന്നു. നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെട്ട ഒരു സമൂഹമാധ്യമ പേജിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Related Posts