വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം. തിരുവനന്തപുരത്തേക്കാണ് പുതിയ നിയമനം. 3 കെഎസ്യു പ്രവർത്തകരെ മുഖംമൂടിയും വിലങ്ങുമണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവം വിവാദമായതിന് പിന്നാലെയാണ് സ്ഥലംമാറ്റം. പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് കമ്മിഷണറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് എ.ഡി.ജിപി: എസ്. ശ്രീജിത്തിൻ്റെ ഉത്തരവിറങ്ങിയത്.
കെ.എസ്.യു പ്രവർത്തകരെ മുഖംമൂടി അണിയിച്ച സംഭവത്തിൽ ഇന്ന് കോടതിക്ക് മുൻപിൽ പ്രതികളെ ഹാജരാക്കാനിരിക്കെയാണ് എസ്എച്ച്ഒയുടെ സ്ഥലംമാറ്റം. അടിയന്തരമായി പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവിൽ മുഖംമൂടി അണിയിച്ചതിനാലാണ് നടപടിയെന്ന് പറഞ്ഞിട്ടില്ല. നിരന്തരം ക്രമസമാധാന പാലനത്തിൽ വീഴ്ച വരുത്തുന്ന ഷാജഹാനെതിരെ സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു. നിലവിൽ രണ്ട് അച്ചടക്ക നടപടികൾ നേരിടുന്നയാളാണ് ഷാജഹാൻ.