നടനും പ്രമുഖ നാടക കലാകാരനുമായ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. നാടക രംഗത്ത് 50 വർഷത്തിലേറെയായി സജീവമായിരുന്നു കെപിഎസി രാജേന്ദ്രൻ. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പെടെ കെപിഎസിയുടെ പ്രധാന നാടകങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നു.
ഏറെക്കാലം നാടകരംഗത്ത് അഭിനയിച്ചിട്ടുണ്ടെങ്കിലും ‘ഉപ്പും മുളകും’ എന്ന പരമ്പരയിലെ പടവലം കുട്ടൻപിള എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം മിനി സ്ക്രീൻ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. മിന്നാമിനുങ്ങ്, ഇന്നുമുതൽ തുടങ്ങിയ സിനിമകളിലും രാജേന്ദ്രൻ അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല. കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളുടെയും ഭാഗമായിരുന്നു അദ്ദേഹം. ചങ്ങനാശേരി നളന്ദാ തീയറ്റേഴ്സ്, കെപിഎസി കൂടാതെ സൂര്യസോമ, ഗീഥാ ആർട്ട്സ് ക്ലബ് എന്നീ ട്രൂപ്പുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.