25 ശതമാനം തീരുവയും അധിക പിഴകളും ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതികൾക്ക് ചുമത്തുമെന്ന് കഴിഞ്ഞദിവസമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇത് ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും യുഎസ് പ്രസിഡൻ്റ് വ്യക്തമാക്കി. ട്രംപിൻന്റെ പ്രഖ്യാപനം ട്രൂത്ത് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു.
‘ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും, നമ്മൾ വർഷങ്ങളായി അവരുമായി താരതമ്യേന കുറഞ്ഞ വ്യാപാരമാണ് നടത്തുന്നത്. കാരണം അവരുടെ തീരുവകൾ ലോകത്തിലെ ഏറ്റവും ഉയർന്നവയിൽ ഒന്നാണ്. കൂടാതെ, മറ്റേതൊരു രാജ്യത്തേക്കാളും കഠിനവും അരോചകവുമായ പണേതര വ്യാപാര തടസ്സങ്ങൾ അവർക്കുണ്ട്, എന്നായിരുന്നു ട്രംപ് ആരോപിച്ചത്.
എല്ലാവരും റഷ്യ യുക്രെയ്നിലെ കൊലപാതകം നിർത്തണമെന്ന് ആഗ്രഹിക്കുന്ന ഈ സമയത്ത്, ഇന്ത്യ തങ്ങളുടെ സൈനികോപകരണങ്ങളുടെ ഭൂരിഭാഗവും വാങ്ങുന്നത് റഷ്യയിൽ നിന്നാണെന്നും ട്രംപ് പറയുന്നു.
‘റഷ്യയിൽ നിന്ന് ചൈനയ്ക്കൊപ്പം ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്നതും ഇന്ത്യയാണ്. നല്ല കാര്യങ്ങളല്ല ഇതൊന്നും. അതിനാൽ, മുകളിൽ പറഞ്ഞ കാരണങ്ങളാൽ ഓഗസ്റ്റ് ഒന്ന് മുതൽ ഇന്ത്യ 25 ശതമാനം തീരുവയും അതിനുപുറമെ പിഴയും നൽകേണ്ടിവരും’ എന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.