നടൻ ബാബുരാജ് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറുന്നുവെന്ന് സൂചന. പിന്മാറാൻ തീരുമാനിച്ചത് മുതിർന്ന താരങ്ങളുടെ സമ്മർദ്ദത്തെത്തുടർന്നാണ് എന്നാണ് അറിയുന്നത്. ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യത്തിലുള്ള ബാബുരാജ് മത്സരിക്കുന്നതിനെതിരെ വനിതാ താരങ്ങൾ ഉൾപ്പെടെയുള്ളവർ ശക്തമായി രംഗത്തെത്തിയിരുന്നു.
മത്സര രംഗത്തുനിന്ന് ആരോപണം നേരിട്ടവർ ഒന്നാകെ മാറിനിൽക്കുമ്പോൾ ബാബുരാജ് മാത്രം മത്സരിക്കാൻ തയ്യാറായതാണ് കടുത്ത വിമർശനത്തിന് ഇടയാക്കിയത്. ബാബുരാജിനെതിരെ നടി മല്ലിക സുകുമാരൻ രൂക്ഷ വിമർശനമാണ് നടത്തിയത്. പരസ്യവിമർശനങ്ങൾ കടുക്കുമ്പോഴും താൻ മത്സരത്തിൽ നിന്ന് പിന്മാറില്ല എന്ന ഉറച്ച നിലപാടിലായിരുന്നു ബാബുരാജ്.
മമ്മൂട്ടിയും മോഹൻലാലും വിഷയത്തിൽ ഒടുവിൽ ഇടപെട്ടെന്നും അതിനെത്തുടർന്നാണ് ബാബുരാജ് നിലപാട് മാറ്റിയതെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇതുവരെ പത്രിക പിൻവലിച്ചിട്ടില്ല. പത്രിക പിൻവലിക്കാനുള്ള സമയം ഇന്നു വൈകിട്ടുവരെയാണ്. ജനറൽ, ജോയിൻ്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് ബാബുരാജ് പത്രിക നൽകിയിരുന്നത്.
ഇതിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള പത്രിക പിൻവലിക്കാം എന്ന് തീരുമാനമായെന്നാണ് റിപ്പോർട്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിന് പുറമേ, മത്സരരംഗത്തുള്ളത് അനൂപ് ചന്ദ്രൻ, രവീന്ദ്രൻ, ജയൻ ചേർത്തല, കുക്കു പരമേശ്വരൻ എന്നിവരാണ്.