കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം, ഗസയില്‍ പോഷകാഹാരക്കുറവും പട്ടിണിയും മൂലം 9 മരണങ്ങള്‍ കൂടി റിപോര്‍ട്ട് ചെയ്തു. ഗസയില്‍ വന്‍തോതിലുള്ള ക്ഷാമം പടര്‍ന്നു പിടിക്കുന്നു. മരണസംഖ്യ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സമീപ ആഴ്ചകളില്‍ പട്ടിണി കാരണം ഡസന്‍ കണക്കിന് പേരാണ് മരിച്ചത്.

2.2 ദശലക്ഷം പ്രദേശത്തെ നിവാസികള്‍ക്ക് ഭക്ഷണവും വൈദ്യസഹായവും ഏതാണ്ട് തീര്‍ന്നുപോയതായി അന്താരാഷ്ട്ര സഹായ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേല്‍ ഉപരോധം മാര്‍ച്ചില്‍ ശക്തമാക്കുകയും ഭാഗികമായി മാത്രം മെയ് മാസത്തില്‍ അയവ് വരുത്തുകയും ചെയ്തതോടെയാണ് ക്ഷാമം രൂക്ഷമായത്.

പോഷകാഹാരക്കുറവുള്ള കുട്ടികളെ ചികില്‍സിക്കുന്നതിനും അവര്‍ക്ക് അത്യന്താപേക്ഷിതമായ ഭക്ഷണം നല്‍കുന്നതിനുമുള്ള സംവിധാനവും പൂര്‍ണമായും നിലച്ചിരിക്കുകയാണെന്നും എക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. യുഎന്‍ ഏജന്‍സികള്‍ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്ന ഇസ്രായേലിന്‍റെ നിയന്ത്രണങ്ങളെ കുറ്റപ്പെടുത്തി.

21 പേര്‍ കഴിഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന വ്യോമാക്രമണത്തിലും വെടിവയ്പ്പിലും കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പത്രപ്രവര്‍ത്തകനായ ആദം അബു ഹാര്‍ബിദും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Related Posts