വടക്കഞ്ചേരിയില്‍ മീൻ പിടിക്കുന്നതിനിടെ യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. മുഹമ്മദ് റാഫിയാണ് മരിച്ചത്. ചൂലിപ്പാടം പള്ളിക്കൽ വീട്ടിൽ ആഷിഫാണ് (21) അറസ്റ്റിലായത്. ഇരുവരും ചേർന്ന് വെള്ളിയാഴ്ച വൈദ്യുതക്കെണി ഉപയോഗിച്ച് തോട്ടിൽ മീൻ പിടിക്കുന്നതിനിടെ മുഹമ്മദ് റാഫിക്ക് ഷോക്കേൽക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിൽ ഷോക്കേറ്റതാണ് മരണ കാരണമെന്നും തെളിഞ്ഞു. അനധികൃതമായി സമീപത്തുള്ള വൈദ്യുത പോസ്റ്റിൽ നിന്ന് വൈദ്യുതി എടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മനപൂർവമല്ലാത്ത നരഹത്യയ്ക്കും വൈദ്യുത മോഷണത്തിനുമാണ് ആഷിഫിന്റെ പേരിൽ കേസെടുത്തത്.