മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ വെച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ യുവതിയുടെ വീട്ടുകാരുടെ പരാതിയെത്തുടർന്ന് ഭർത്താവ് സിറാജുദ്ദീനെതിരേ പെരുമ്പാവൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശനിയാഴ്ച വൈകുന്നേരം പെരുമ്പാവൂർ സ്വദേശിയായ അസ്‌മ (35) ആറ് മണിയോടെയാണ് മലപ്പുറത്തെ വാടക വീട്ടിൽ പ്രസവിക്കുകയും തുടർന്ന് രാത്രി ഒൻപത് മണിയോടുകൂടി മരിക്കുകയും ചെയ്തത്.

അസ്‌മയുടെ മൃതദേഹം ഞായറാഴ്ച രാവിലെയോടെയാണ് പെരുമ്പാവൂരിലുള്ള വീട്ടിലെത്തിച്ചത്. തുടർന്ന് വീട്ടുകാർ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പെരുമ്പാവൂർ പോലീസെത്തി അസ്‌മയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയും കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു.

പ്രസവത്തോടെ അസ്‌മയുടെ ആരോഗ്യസ്ഥിതി മോശമായപ്പോൾ എന്തുകൊണ്ടാണ് ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നതെന്നും മരണ വിവരം കൃത്യമായി വീട്ടുകാരെ അറിയിക്കാതിരുന്നതെന്നുമാണ് വീട്ടുകാർ ചോദിക്കുന്നത്. അസ്മയുടെ ആദ്യ രണ്ട് പ്രസവങ്ങളും ആശുപത്രിയിലായിരുന്നുവെന്നും ഇരുവരും അക്യുപങ്‌ചർ പഠിച്ചിരുന്നുവെന്നും അതിന് ശേഷമുള്ള മൂന്ന് പ്രസവങ്ങളും വീട്ടിൽ വെച്ചായിരുന്നു നടത്തിയതെന്ന് ബന്ധുക്കൾ പറയുന്നു.

ആശുപത്രിയിൽ പോകണമെന്നും പ്രായം കൂടുന്നതിനനുസരിച്ച് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാമെന്നുമുള്ള മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതെല്ലാം ഇരുവരും അവഗണിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

ശനിയാഴ്‌ച വൈകുന്നേരത്തോടെ അസ്മ പ്രസവിച്ചെന്നും ആൺകുട്ടിയാണെന്നും അസ്‌മയുടെ വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. അതിനെതുടർന്ന് രാത്രി ഒൻപത് മണിയോടെയാണ് യുവതി മരിക്കുന്നത്. ശ്വാസംമുട്ടലാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആംബുലൻസ് വിളിക്കുകയും അസ്‌മയുടെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മൃതദേഹം പെരുമ്പാവൂരിലുള്ള അസ്‌മയുടെ വീട്ടിലെത്തിക്കുകയുമായിരുന്നു.

Related Posts