വോട്ടിന് വേണ്ടി തൃശ്ശൂരില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി ഭക്ഷ്യക്കിറ്റുകൾ നല്‍കിയെന്ന പരാതിയുമായി എല്‍ഡിഎഫ്. ഒളരിയില്‍ ശിവരാമപുരം നഗറിലെ താമസക്കാര്‍ക്കാണ് സൂപ്പര്‍ മാര്‍ക്കറ്റ് വഴി കിറ്റുകള്‍ വിതരണം ചെയ്തത്.

എല്‍ഡിഎഫ് പ്രവർത്തകർ നല്‍കിയ പരാതിയില്‍ ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതുവരെ 28 കിറ്റുകളാണ് വിതരണം ചെയ്തതെന്നാണ് വിവരം.

ബിജെപി കിറ്റ് നല്‍കുന്നുവെന്ന് അറിഞ്ഞ് 3 സ്ത്രീകള്‍ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയതോടെയാണ് പരാതി ഉയര്‍ന്നത്. അയല്‍ക്കാര്‍ കിറ്റ് വാങ്ങി പോകുന്നത് കണ്ട് അറിഞ്ഞാണ് കിറ്റ് വാങ്ങാന്‍ വന്നതെന്നാണ് മൂവരും പ്രതികരിച്ചത്.

കഴിഞ്ഞദിവസം രാധാകൃഷ്ണന്‍ എന്ന വ്യക്തി വന്ന് 50 കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തു വെന്നാണ് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ പ്രതികരിച്ചത്. രാധാകൃഷ്ണൻ പ്രാദേശിക ബിജെപി നേതാവാണെന്നാണ് വിവരം. പലചരക്ക് സാധനങ്ങള്‍ അടങ്ങിയ ഒരു കിറ്റിന് 900 രൂപയാണ് വില.

Related Posts