എംഎ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാർശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. ഇഎംഎസിനുശേഷം ജനറൽ സെക്രട്ടറിയാകുന്ന മലയാളിയാണ് എംഎ ബേബി. പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പുണ്ടാകില്ല. ബംഗാൾ ഘടകം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. എംഎ ബേബിയുടെ പേര് ഇന്ന് രാവിലെ ചേർന്ന പിബി യോഗത്തിലാണ് അന്തിമമായി അംഗീകരിച്ചത്. കേന്ദ്ര കമ്മിറ്റി യോഗത്തിൽ എംഎ ബേബിയുടെ പേര് അംഗീകരിച്ചശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക.
എംഎ ബേബി സീതാറാം യെച്ചൂരിയുടെ പിൻഗാമിയായിട്ടാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. പിണറായി വിജയൻ ഉൾപ്പെടെയുള്ള എട്ട് പേരാണ് എം എ ബേബിയെ പിബിയിൽ നിന്ന് അനുകൂലിച്ചത്. പശ്ചിമ ബംഗാളിൽ നിന്നുള്ള 5 പിബി അംഗങ്ങൾ എതിർക്കുകയും ചെയ്തു.എം എ ബേബി പാർട്ടിയുടെ സാംസ്ക്കാരിക ദാർശനിക മുഖമാണ്. കൊല്ലം എസ് എൻ കൊളജിൽ നിന്ന് തുടങ്ങിയ സംഘടനാ പ്രവർത്തനം ഇന്ന് അദ്ദേഹത്തെ ഇന്ത്യയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ അമരക്കാരൻ ആക്കിയിരിക്കുകയാണ്.