കോട്ടയം ഏറ്റുമാനൂരില്‍ മക്കളുമായി തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത ഷൈനിയും കരിങ്കുന്നത്തെ കുടുംബശ്രീ പ്രസിഡൻ്റ് ഉഷയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്. ഷൈനിയുടെ പേരില്‍ കുടുംബശ്രീയില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ വഴിയില്ലെന്നാണ് ഷൈനി ഉഷയോട് പറയുന്നത്.
ഭര്‍ത്താവ് പണം തരാത്തതിനാലാണ് തിരിച്ചടവ് മുടങ്ങിയതെന്നും സ്വന്തം ആവശ്യത്തിനെടുത്ത വായ്പയല്ല അതെന്നും സംഭാഷണത്തില്‍ ഷൈനി പറയുന്നുണ്ട്. 2 മാസം കഴിഞ്ഞല്ലോ നീ ലോണടയ്ക്കില്ലേ’ എന്ന് കുടുംബശ്രീ പ്രസിഡൻ്റ് ചോദിച്ചപ്പോള്‍, കേസ് നടക്കുകയല്ലേ ആലോചിച്ചിട്ട് പറയമാമെന്നാണ് തന്നോട് ഭര്‍ത്താവ് ഭര്‍ത്താവ് നോബി ലൂക്കോസ് പറഞ്ഞതെന്നും താനിപ്പോള്‍ ഒന്നും ചെയ്യാന്കഴിയാത്ത അവസ്ഥയിലാണെന്നും ഷൈനി മറുപടി പറഞ്ഞു.
ഭർത്താവ് നോബിയുടെ അച്ഛനമ്മമാർ ഷൈനിയുടെ പേരിൽ കുടുംബശ്രീയിൽ നിന്ന് വായ്പയെടുത്തിരുന്നു. അത് തിരിച്ചടച്ചിരുന്നില്ല. ഭർത്താവ് ഷൈനിയോട് പറഞ്ഞിരുന്നത് വിവാഹമോചന കേസ് അവസാനിച്ചാൽ മാത്രമേ പണം നൽകൂ എന്നാണ് . ഷൈനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നെന്നതിൻ്റെ സൂചനയാണ് ഇപ്പോൾ പുറത്തുവന്ന ഫോൺ സംഭാഷണം.
ഞായറാഴ്ച രാവിലെ ഷൈനിയുടേയും മക്കളുടേയും മരണത്തിൽ ഏറ്റുമാനൂരിലെ സെൻ്റ് തോമസ് ക്നാനായ പള്ളിയിൽ വിശ്വാസികൾ പ്രതിഷേധിച്ചു. ഷൈനിക്കും കുട്ടികൾക്കും നീതി കിട്ടണം. 12 വാതിലുകൾക്ക് പോയി മുട്ടിയെങ്കിലും ഒരു വാതിലുപോലും അവർക്ക് തുറന്നു കൊടുത്തില്ല. അത് ക്നാനായ സമൂഹത്തിന് തന്നെ നാണക്കേടാണ്, വിശ്വാസികൾ പറഞ്ഞു.