താനൂരില്‍ കാണാതായ പെണ്‍കുട്ടികളെ സി.ഡബ്ല്യു.സി കെയര്‍ ഹോമിലേക്ക് മാറ്റി. വീട്ടുകാര്‍ക്ക് വിശദമായ കൗണ്‍സിലിങ്ങിന് ശേഷമായിരിക്കും വിട്ടുനല്‍കുക. ഇന്നലെ ഉച്ചയോടെ നാട്ടിലെത്തിച്ച പെൺകുട്ടികളുടെ മൊഴി പോലീസും cwc-യും രേഖപ്പെടുത്തിയിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ താനൂർ എസ്.ഐ. സുജിത്തിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഗരീബ് ‌രഥ്‌ എക്‌സ്പ്രസ് ട്രെയിനിലാണ് പെൺകുട്ടികളുമായി തിരൂരിലെത്തിയത്. തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കുശേഷം വൈകീട്ട് തവനൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കി.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പെൺകുട്ടികളെ കോഴിക്കോട്ടുനിന്ന് ട്രെയിനിൽ പൻവേലിൽ എത്തിച്ച എടവണ്ണ സ്വദേശിയായ ആലുങ്ങൽ അക്ബർ റഹീമിനെ (26) ശനിയാഴ്ച രാവിലെ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് താനൂർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെൺകുട്ടികൾ നാടുവിട്ട സംഭവത്തില്‍ കുട്ടികള്‍ക്കൊപ്പം യാത്രചെയ്ത യുവാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.

കോഴിക്കോട് എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീമിനെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. യുവാവിനെ ശനിയാഴ്ച രാവിലെയോടെയാണ് താനൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. യുവാവിനെ താനൂര്‍ ഡിവൈ.എസ്.പി. പി. പ്രമോദിൻ്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Posts