വടക്കൻ കർണാടകയിലെ ബീദറിൽ സുര്യാഘാതത്തെ തുടർന്നു യുവാവ് മരിച്ചു. യുപി സ്വദേശി മുഹമ്മദ് സമീറാണ് (20) ദേശീയ ഹൈവേയിൽ സൂര്യാതപമേറ്റു കുഴഞ്ഞുവീണു മരിച്ചത്. കമലാനഗറിലെ സലൂൺ ജീവനക്കാരനാണ് മുഹമ്മദ് സമീർ. കുഴഞ്ഞുവീണ ഉടൻ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ബീദറിലെ ഉയർന്ന ചൂട് 41.6 ഡിഗ്രി സെൽഷ്യസാണ്.
വടക്കൻ കർണാടകയിലെ 5 ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. ഇവിടങ്ങളിൽ യെലോ അലർട്ട് തുടരുകയാണ്. കലബുറഗിയിൽ ആണ് ഏറ്റവും ഉയർന്ന താപനിലയായ 41.7 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. ബെംഗളൂരുവിലെ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസാണ്. ഇന്നു 37 പിന്നിടുമെന്നാണ് പ്രവചനം. 1996 മാർച്ച് 29ൽ രേഖപ്പെടുത്തിയ 37.3 ഡിഗ്രി സെൽഷ്യസുമാണ് ഇതിനു മുൻപു ബെംഗളൂരുവിലെ ഉയർന്ന താപനില.