2026 ഏഷ്യാ കപ്പ് വനിതാ ട്വന്റി20 ക്രിക്കറ്റിൻ്റെ ആദ്യ സെമിഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം. ഗ്രൂപ്പ് എയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായാണ് ബംഗ്ലാദേശിൻ്റെ സെമി പ്രവേശനം. രണ്ടാം സെമിഫൈനലിൽ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ പാകിസ്ഥാനും ഗ്രൂപ്പ് ബിയിലെ ജേതാക്കളായ ശ്രീലങ്കയും നാളെ ഏറ്റുമുട്ടും.
ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ മത്സരത്തിൽ തായ്‌ലൻഡിനെ 94 റൺസിന് തോൽപ്പിച്ച ഇന്ത്യ, രണ്ടാം മത്സരത്തിൽ ഹോങ്കോങ്ങിനെതിരെ 137 റൺസിൻ്റെ വിജയം സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ പാകിസ്ഥാനെ ഏഴ് വിക്കറ്റിനും കീഴടക്കി.
ഏഷ്യാകപ്പിൽ ഏഴ് തവണ കിരീടം നേടിയിട്ടുള്ള ഇന്ത്യ ഇത്തവണയും കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയാണ് കഴിഞ്ഞ തവണ ഇന്ത്യയെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയത്. അതിനാൽ കിരീടം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് ഇന്ത്യൻ വനിതകൾ.