ആൾക്കൂട്ട വിചാരണയിൽ മനം നൊന്ത് പിണറായി കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നുപേർ റിമാൻഡിൽ. ദിവസങ്ങൾക്ക് മുമ്പാണ് 40 കാരിയായ റസീനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മമ്പറം സ്വദേശി റഫ്നാസ്, മുബഷീർ, ഫൈസൽ എന്നിവരെയാണ് തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. എസ്ഡിപിഐ പ്രവർത്തകരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.
കേസിനാസ്പദമായ സംഭവം നടന്നത് ഇക്കഴിഞ്ഞ 17-ാം തീയതിയാണ്. റസീന ആത്മഹത്യ ചെയ്തതിന് പിന്നാലെ സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള 3 പേരെ പിടികൂടിയത്. ആൾക്കൂട്ട വിചാരണയിൽ മനം നൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
കായലോട് അച്ചങ്കര പള്ളിക്ക് സമീപം ഞായറാഴ്ച വൈകിട്ട് 3 ന് കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ച് നിൽക്കുന്നത് അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ചോദ്യം ചെയ്തിരുന്നു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു. യുവാവിനെ 5 മണിക്കൂറോളം തടഞ്ഞുവച്ച സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ എസ്ഡിപിഐ ഓഫീസിലെത്തിച്ചു.
യുവാവിന്റെന്റെയും റസീനയുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. യുവാവിനെ രാത്രി ഏറെ വൈകിയാണ് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്. യുവാവിൻ്റെ മൊബൈൽ ഫോണും ടാബും പ്രതികളിൽ നിന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. റസീനയുടെ ഭർത്താവ്- എംകെ റഫീഖ് (ധർമടം ഒഴയിൽ ഭാഗം). പിതാവ്- എ മുഹമ്മദ്. മാതാവ്- സികെ ഫാത്തിമ.