നിയമസഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ മത്സരിച്ച പത്തു സീറ്റിലും ഇത്തവണയും മത്സരിക്കുമെന്ന് പാർട്ടി ചെയർമാൻ പി.ജെ.ജോസഫ്. കോട്ടയത്ത് ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് പി.ജെ.ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർഥികളെ തീരുമാനിക്കാൻ ചെയർമാനെ യോഗം ചുമതലപ്പെടുത്തി. വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്ര വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ യോഗം തീരുമാനിച്ചു. മോൻസ് ജോസഫ് എംഎൽഎ, പി.സി.തോമസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
‘ജയ സാധ്യത നോക്കി സ്ഥാനാർഥികളെ പ്രഖ്യാപിക്കും. കഴിഞ്ഞ പത്തു വർഷമായി ഭരണം നടത്തുന്ന എൽഡിഎഫ് സർക്കാർ കാർഷിക മേഖലയെ അവഗണിക്കുകയാണ്. ഈ അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് സംസ്ഥാന ബജറ്റെന്നും നടപ്പാക്കുവാൻ കഴിയാത്ത നിർദ്ദേശങ്ങളും പൊള്ളയായ വാഗ്ദാനങ്ങളുമാണ് ബജറ്റിലുള്ളതെന്നും പി.ജെ.ജോസഫ് പറഞ്ഞു.