പ്രായാധിക്യം ചൂണ്ടിക്കാട്ടി ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന നിലപാട് ആവർത്തിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. തനിക്ക് ഇപ്പോൾ 80 വയസ്സായെന്നും പഴയതുപോലെ യാത്ര ചെയ്യാനും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകാനും ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൈസൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുയായികളും പാർട്ടി പ്രവർത്തകരും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. 2028ൽ നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നേരത്തേയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുമെങ്കിലും പൊതുരംഗത്തും രാഷ്ട്രീയത്തിലും സജീവമായി തുടരുമെന്നും ജനങ്ങളുടെ പ്രശ്നങ്ങളിൽ ശബ്ദമുയർത്തുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കോൺഗ്രസ് നേതൃത്വത്തിൽ തന്നെ അവഗണിക്കുന്നുവെന്ന ആരോപണവും സിദ്ധരാമയ്യ നിഷേധിച്ചു. ഡൽഹിയിൽ സോണിയ ഗാന്ധിയുടെ പുസ്തകപ്രകാശന ചടങ്ങിൽ അഞ്ചാം നിരയിൽ ഇരിക്കേണ്ടിവന്നത് വൈകിയെത്തിയതിനാലാണെന്നും തനിക്കായി പ്രത്യേക ഇരിപ്പിടം നിശ്ചയിച്ചിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.