കാവേരി നദീജല തർക്കത്തിൽ കർണാടകയ്ക്കും തമിഴ്നാടിനും നീതി ലഭിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് മുന്നോട്ടുപോകുമെന്നും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കാവേരി വിഷയത്തിൽ നിയമപരമായ ചട്ടക്കൂടിനുള്ളിൽ കർണാടകയ്ക്ക് നേട്ടമുണ്ടായിട്ടുണ്ടെന്നും കോടതി നിർദേശങ്ങൾ നടപ്പാക്കുകയാണ് ഇനി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാടിന് കാവേരി ജലം നൽകണമെന്നാണ് സുപ്രീംകോടതി ഉത്തരവെന്നും അത് പാലിക്കാൻ കർണാടക ബാധ്യസ്ഥമാണെന്നും ശിവകുമാർ വ്യക്തമാക്കി. കോടതി ഉത്തരവിനെ മറികടന്ന് പ്രവർത്തിക്കാൻ സംസ്ഥാനത്തിന് ഉദ്ദേശ്യമില്ലെന്നും വിഷയത്തിൽ അനാവശ്യ തർക്കങ്ങൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് കാവേരിയുടെ താഴ്വരയിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി. ഇരു സംസ്ഥാനങ്ങളും തമ്മിൽ സംഘർഷമുണ്ടാക്കാതെ നിയമപരമായ മാർഗങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് കർണാടകയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
കാവേരി തർക്കത്തിനൊപ്പം കർണാടകയുടെ മേക്കേദാട്ടു അണക്കെട്ട് പദ്ധതിയും രാഷ്ട്രീയ ചർച്ചകളിൽ സജീവമാണ്. ബെംഗളൂരുവിൻ്റെ കുടിവെള്ള ആവശ്യങ്ങൾക്കും ജലവൈദ്യുതി ഉൽപാദനത്തിനും സഹായകമാകുന്ന ബാലൻസിങ് റിസർവോയറാണ് മേക്കേദാട്ടുവിൽ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി നടപ്പാക്കിയാലും തമിഴ്നാടിന് അനുവദിച്ച 177 ടി.എം.സി. അടി വെള്ളം നൽകാനുള്ള ബാധ്യത കർണാടക പാലിക്കുമെന്ന് ശിവകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ പദ്ധതിയെ തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികൾ എതിർക്കുന്നുണ്ട്.