ത​മി​ഴ്‌​നാട്ടിലെ തിരുത്തുറൈപ്പൂണ്ടിയിലെ സ്വകാര്യ സ്കൂളിൽ പ്രീ-കെജി വിദ്യാർഥിയെ ക്ലാസ് മുറിയിൽ കെട്ടിയിട്ടതായി പരാതി. കൈകൾ കെട്ടിയ നിലയിൽ കുട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതും കണ്ണിന് സമീപത്തെ മുറിവിൽനിന്ന് രക്തം വരുന്നതുമായ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ അധ്യാപികയ്ക്കും വനിതാ അറ്റൻഡർക്കുമെതിരെ പൊലീസ് കേസെടുത്തു.

കുട്ടിയുടെ കൈകൾ കെട്ടിയ നിലയിൽ എഴുന്നേൽക്കാൻ ശ്രമിക്കുന്നതും കയർ കടിച്ചുപിടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റു കുട്ടികളും അധ്യാപികയെന്ന് കരുതുന്ന സ്ത്രീയും ക്ലാസ് മുറിയിലിരിക്കെ കുട്ടി വേദനകൊണ്ട് നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

അനുസരണക്കേട് കാണിച്ചതിനെത്തുടർന്ന് വനിതാ അറ്റൻഡർ കുട്ടിയെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കെട്ടിയിട്ടെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പരിക്കുകളോടെ വീട്ടിലെത്തിയ കുട്ടി അധ്യാപികയും അറ്റൻഡറും ഉപദ്രവിച്ചതായി പിതാവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

തുടർന്ന് സ്കൂളിലെത്തിയ പിതാവ് ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മൊബൈൽ ഫോണിൽ പകർത്തി. ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരുത്തുറൈപ്പൂണ്ടി പൊലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവത്തെത്തുടർന്ന് അധ്യാപികയെയും വനിതാ അറ്റൻഡറെയും ജോലിയിൽനിന്ന് പുറത്താക്കിയതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.

Related Posts