ജമ്മു കാഷ്മീരിലെ സൈനിക താവളത്തിന് സമീപം പാക് ഡ്രോൺ കണ്ടെത്തിയ സംഭവത്തിൽ സൈന്യം വ്യാപക തെരച്ചിൽ ആരംഭിച്ചു. സാംബ ജില്ലയിലെ സൈനിക കേന്ദ്രങ്ങൾക്ക് മുകളിലായാണ് പാക്കിസ്ഥാനിൽ നിന്നുള്ള ഡ്രോൺ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9.35 ഓടെയാണ് സംഭവം. ഇതിനുപിന്നാലെ ഡ്രോൺ കണ്ടെത്തിയ സ്ഥലത്ത് സൈന്യം വ്യാപകമായി തെരച്ചിൽ നടത്തി. സാംബ ജില്ലയിലെ ബാരി ബ്രാഹ്മണ എന്ന സ്ഥലത്തെ സൈനിക താവളത്തിന് മുകളിലായാണ് ഡോൺ കണ്ടെത്തിയത്.
പടിഞ്ഞാറ് നിന്ന് കിഴക്കോട്ടേക്ക് നീങ്ങുകയായിരുന്നു ഡ്രോൺ. ഭൂനിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിലാണ് ഡ്രോൺ ഉണ്ടായിരുന്നത്. ഇത് ശ്രദ്ധയിൽപെട്ടതിന് പിന്നാലെ പ്രദേശത്ത് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ സൈന്യത്തിൻ്റെ ദ്രുതകർമ സേനാംഗങ്ങൾ രംഗത്തിറങ്ങിയെങ്കിലും ഡ്രോൺ കണ്ടെത്താൻ കഴിഞ്ഞില്ല.