റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി രാജ്യ തലസ്ഥാനത്തിൻ്റെ സുരക്ഷയ്‌ക്ക് വേണ്ടി 15000 ൽ അധികം പോലീസുകാരെയും 70 കമ്പനി അർദ്ധ സൈനിക വിഭാഗങ്ങളെയും വിന്യസിക്കും. തലസ്ഥാനം സിസിടിവികളും ഡ്രോണുകളും ഉപയോഗിച്ച് പൂർണമായ നിരീക്ഷണത്തിൽ ആയിരിക്കും. ഇതിന് മേൽനോട്ടം വഹിക്കാൻ സൈബർ മേഖലയിലെ വിദഗ്ധരായ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. വിവിധ തലങ്ങളിലുള്ള സുരക്ഷ ക്രമീകരണങ്ങളാണ് രാജ്യ തലസ്ഥാനത്ത് ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുള്ളത്. എഫ്ആർഎസ് സംവിധാനമുള്ള വാഹനങ്ങളും നഗരത്തിൽ മുഴുവൻ വിന്യസിക്കും. ഈ വാഹനങ്ങളിലെ കുറ്റവാളികളെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന ക്യാമറകൾ ഒരു ഡാറ്റ ബേസുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ദെൽഹി പോലീസ് അംഗങ്ങൾ ഒന്നിലധികം സുരക്ഷ ഏജൻസികളുമായി ചേർന്ന് മോക് ഡ്രില്ലുകൾ നടത്തുന്നുണ്ട്. നഗരത്തിൽ ഏത് സാഹചര്യവും നേരിടാൻ ദെൽഹി പോലീസ് സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഹോട്ടലുകളിലെയും മാളുകളിലെയും സുരക്ഷാ ജീവനക്കാരുടെ പ്രത്യേക യോഗങ്ങളും വിളിച്ചുചേർക്കുകയാണ്. സംശയാസ്പദമായ എന്തും ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലെയും ഡിസിപിമാരെയും കേന്ദ്രീകരിച്ച് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യതലസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളത്.