പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. കേരളത്തിൻ്റെ വികസന ആവശ്യങ്ങളും വിവിധ പദ്ധതികൾക്കുള്ള കേന്ദ്രസഹായവുമായിരുന്നു പ്രധാന ചർച്ചാവിഷയം.
‘മിഷൻ സമുദ്ര’ പദ്ധതിക്കാണ് കൂടിക്കാഴ്ചയിൽ പ്രത്യേക പരിഗണന നൽകിയതെന്ന് വി.ഡി.സതീശൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തെ പ്രധാന സമുദ്ര വ്യാപാര കേന്ദ്രമായി വികസിപ്പിക്കുന്നതിനൊപ്പം കപ്പൽ നിർമാണം, കപ്പൽ അറ്റകുറ്റപ്പണി, ഹരിത ഇന്ധന ഉൽപ്പാദനം, ലോജിസ്റ്റിക്സ് പാർക്കുകൾ, തുറമുഖാധിഷ്ഠിത വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ വികസന പദ്ധതികൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുപുറമെ റോഡ്, റെയിൽ, വിമാനത്താവള വികസനം ഉൾപ്പെടെ 12 സുപ്രധാന പദ്ധതികൾക്കായി കേന്ദ്രത്തിൻ്റെ പിന്തുണയും മുഖ്യമന്ത്രി തേടി.
ആകെ 1,03,500 കോടി രൂപയുടെ പദ്ധതികൾക്ക് തത്വത്തിലുള്ള അംഗീകാരം നൽകണമെന്നും വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ കേരളത്തിന് അർഹമായ പരിഗണന ഉറപ്പാക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തിൻ്റെ വൈദ്യുതി ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി അധിക വൈദ്യുതി അനുവദിക്കുക, വൈദ്യുതി മേഖലയ്ക്കുള്ള വായ്പാ ആനുകൂല്യം പുനഃസ്ഥാപിക്കുക, അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്രസഹായം സമയബന്ധിതമായി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും കൂടിക്കാഴ്ചയിൽ ഉന്നയിച്ചു.
കേരളത്തിൻ്റെ ദീർഘകാല വികസന ലക്ഷ്യങ്ങൾക്ക് ആവശ്യമായ കേന്ദ്രസഹായം ഉറപ്പാക്കുന്നതിനുള്ള നിർണായക കൂടിക്കാഴ്ചയായാണ് ഇതിനെ വിലയിരുത്തുന്നത്.