ആന്ധ്രപ്രദേശിൽ ഒഎൻജിസിയുടെ ഗ്യാസ് പ്ലാന്റിൽ വൻ വാതകച്ചോർച്ച. കോനസീമ ജില്ലയിലെ മാമിടികുദുരു മണ്ഡലത്തിൽ ദേശീയപാത 216-ന് സമീപമുള്ള ഗെദ്ദാഡ ഗ്രാമത്തിൽ ഇന്ന് പുലർച്ചെ അഞ്ചോടെയാണ് സംഭവം. പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് വാതകച്ചോർച്ചയുണ്ടായത്.
സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി പ്ലാന്റിൻ്റെ 500 മീറ്റർ ചുറ്റളവിലുള്ള താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പ്രദേശം പൊലീസ് നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.
തീപിടിത്ത സാധ്യത ഒഴിവാക്കുന്നതിനായി പ്രദേശത്തെ വൈദ്യുതി വിതരണം താൽക്കാലികമായി വിച്ഛേദിച്ചു. ദേശീയപാത 216-ലെ ഗതാഗതവും ബദൽ പാതകളിലേക്ക് തിരിച്ചുവിട്ടു.
നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. പ്ലാന്റ് പരിസരത്ത് നടത്തിയ വാതക സാന്ദ്രതാ പരിശോധനയിൽ വാതകത്തിൻ്റെ അളവ് പൂജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും സുരക്ഷാ നിരീക്ഷണവും മുൻകരുതൽ നടപടികളും തുടരുകയാണ്.