മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ അഞ്ചും ഏഴും വയസ്സുള്ള സ്വന്തം ആൺമക്കളെ കനാലിലേക്ക് എറിഞ്ഞ സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൈത്തൺ പട്ടണത്തിൽ തിങ്കളാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
സോമനാഥ് ദാമോദർ റോഡ്ഗെ (40) എന്നയാളാണ് ഏഴ് വയസ്സുകാരനായ ആര്യനെയും അഞ്ച് വയസ്സുകാരനായ ശ്യാമിനെയും കനാലിലേക്ക് എറിഞ്ഞത്.
ചോക്ലേറ്റും വടാപാവും വാങ്ങിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ കുട്ടികളെ സ്കൂട്ടറിൽ വീട്ടിൽനിന്ന് കൊണ്ടുപോയത്. തുടർന്ന് കനാലിന് സമീപത്തെത്തിച്ച് കുട്ടികളെ വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു. തങ്ങളെ വെള്ളത്തിലേക്ക് എറിയരുതെന്നും മരിച്ചുപോകുമെന്നും പറഞ്ഞ് കുട്ടികൾ പിതാവിനോട് കരഞ്ഞപേക്ഷിച്ചെങ്കിലും ഇയാൾ അത് അവഗണിച്ച് കുട്ടികളെ കനാലിലേക്ക് എറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
സംഭവം തടയാൻ ശ്രമിച്ച പ്രദേശത്തെ കർഷകർക്ക് നേരെ ഇയാൾ കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്തു. കർഷകർ നൽകിയ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പാച്ചോഡ് പൊലീസ് അറിയിച്ചു. അതേസമയം, കനാലിൽ കാണാതായ രണ്ട് കുട്ടികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.