അമ്മയ്ക്കും സഹോദരനുമൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ചരക്കുലോറിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുവയസ്സുകാരന് ദാരുണാന്ത്യം. മുതലമട അടവുമരം പുത്തൻപുരയ്ക്കൽ വീട്ടിൽ വിഷ്ണു-അനറ്റ് ദമ്പതികളുടെ മകൻ ശ്രീഹരിയാണ് മരിച്ചത്. മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ ഗോവിന്ദാപുരം ആർ.ടി.ഒ ചെക്പോസ്റ്റിന് സമീപം ചൊവ്വാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു അപകടം.

സ്‌കൂൾ വിട്ടശേഷം രണ്ടാം ക്ലാസ് വിദ്യാർഥിയായ ശ്രീഹരിയെയും അഞ്ചുവയസ്സുകാരനായ ഇളയമകൻ സൈലിനെയും കൂട്ടി അനറ്റ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തമിഴ്നാട്ടിലെ ശ്രീ കന്തസ്വാമി സ്കൂളിലാണ് ശ്രീഹരി പഠിച്ചിരുന്നത്.

ഇതിനിടെ അതേ ദിശയിൽ വന്ന ചരക്കുലോറി സ്കൂട്ടറിൻ്റെ ഹാൻഡിൽ ഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അമ്മയും കുട്ടികളും റോഡിലേക്ക് തെറിച്ചുവീണു. എന്നാൽ പിന്നിലിരുന്ന ശ്രീഹരിയുടെ ദേഹത്തുകൂടി ലോറിയുടെ പിൻചക്രം കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു.

മൃതശരീരം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറായ പൊള്ളാച്ചി സ്വദേശി ഉദയകുമാർ (53)ക്കെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. നേരത്തേ ചെമ്മണാമ്പതി ഭാഗത്ത് താമസിച്ചിരുന്ന വിഷ്ണുവും കുടുംബവും അടുത്തിടെയാണ് ചുള്ളിയാർ ഡാമിന് സമീപമുള്ള അടവുമരത്തേക്ക് താമസം മാറിയത്.

Related Posts