സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ ഉത്തരപ്പേപ്പറുകളുടെ പുനർ മൂല്യനിർണയത്തിനുള്ള സമയപരിധി നീട്ടി. പുനർ മൂല്യനിർണയത്തിനുള്ള പോർട്ടൽ തുറന്നിട്ടും അപേക്ഷ സമർപ്പിക്കുന്നതിൽ പ്രതിസന്ധി നേരിട്ട വിദ്യാർഥികൾക്ക് ആശ്വാസം പകരുന്നതാണ് സിബിഎസ്ഇയുടെ തീരുമാനം.
ഇന്നലെയാണു സമയപരിധി അവസാനിക്കേണ്ടിയിരുന്നതെങ്കിലും ഇന്ന് അർധരാത്രി വരെ അപേക്ഷ സമർപ്പിക്കാമെന്ന് സിബിഎസ്ഇ അറിയിച്ചു. ഓണ്‍ലൈൻ പോർട്ടലിൽ സാങ്കേതികപ്രശ്നങ്ങൾ ഉണ്ടാകുകയും പരാതികളുയരുകയും ചെയ്തതിനെത്തുടർന്നാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം നീട്ടിയത്.