രാഷ്ട്രപതി ദ്രൗപദി മുർമു നവംബർ 27ന് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ക്ഷേത്രത്തിലും പരിസരങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും.
27ന് വൈകിട്ട് 3.10ന് ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഹെലിപാഡിലെത്തുന്ന രാഷ്ട്രപതി 3.30ന് ദേവസ്വത്തിൻ്റെ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തും. തുടർന്ന് വൈകിട്ട് 3.30നും 4നും ഇടയിൽ ക്ഷേത്രദർശനം നടത്തും. വൈകിട്ട് അഞ്ചിന് മടങ്ങും.
രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ചൂണ്ടൽ–ഗുരുവായൂർ റോഡിൽ നവംബർ 26നും 27നും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇരു ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് രണ്ടുമണിക്കൂർ വീതമായിരിക്കും നിയന്ത്രണം.
രാഷ്ട്രപതിയുടെ ക്ഷേത്രദർശന സമയത്ത് പൊതുജനങ്ങൾക്കും ഭക്തർക്കും ക്ഷേത്രത്തിൽ പ്രവേശനമുണ്ടാകില്ല. സുരക്ഷയുടെ ഭാഗമായി തെക്കേ നടയിൽനിന്ന് എല്ലാവരെയും ഒഴിപ്പിക്കും. സന്ദർശനസമയത്ത് ഭക്തർ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.