മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തമായി. ഡിവൈഎഫ്ഐ, എസ്എഫ്ഐ ഉൾപ്പെടെയുള്ള യുവജന സംഘടനകളുടെ നേതൃത്വത്തിൽ ജന്തർമന്ദറിലേക്ക് നടത്തിയ മാർച്ചിനിടെയാണ് പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായത്. പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും വിലക്ക് ലംഘിച്ച് പ്രവർത്തകർ എത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്.

സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാവ് വൃന്ദ കാരാട്ട്, എ.എ. റഹീം എംപി, ജെയ്ക് സി. തോമസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രദേശത്ത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജന്തർമന്ദറിന് ചുറ്റുമുള്ള രണ്ടു കിലോമീറ്റർ പരിധിയിലെ റോഡുകൾ ബാരിക്കേഡുകൾ സ്ഥാപിച്ച് അടച്ചു. കേരള ഹൗസ് വഴിയുള്ള ഗതാഗതവും നിരോധിച്ചു.

സുരക്ഷയുടെ ഭാഗമായി ഡൽഹിയിലെ 11 മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചു. മേഖലയിൽ ഇന്റർനെറ്റ് സേവനങ്ങളും തടസ്സപ്പെടുത്തി. വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അയ്യായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Related Posts