മലേഷ്യ സന്ദർശിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് 2027 ജനുവരി ഒന്നുമുതൽ വിസ നിർബന്ധമാകും. ഇന്ത്യക്കാർക്ക് അനുവദിച്ചിരുന്ന സൗജന്യ വിസ ഇളവ് പിൻവലിക്കുകയാണെന്ന് മലേഷ്യൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇതോടെ വിസയില്ലാതെ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ മലേഷ്യ ഉണ്ടാകില്ല.

പുതിയ നിയമപ്രകാരം 2027 ജനുവരി ഒന്നുമുതൽ മലേഷ്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും മുൻകൂട്ടി വിസ നേടണം. ഇതിനായുള്ള അപേക്ഷകൾ 2026 ഡിസംബർ ഒന്നുമുതൽ മലേഷ്യയുടെ ‘മൈവിസ’ (MyVISA) ഓൺലൈൻ പോർട്ടൽ വഴി സമർപ്പിക്കാം.

പുതിയ വിസാനയം നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് മാറ്റമെന്ന് ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കി. വിസയ്ക്ക് അപേക്ഷിക്കുന്നവർ പുതുക്കിയ നിബന്ധനകൾ കൃത്യമായി പാലിക്കണം. അപേക്ഷകൾ റദ്ദാക്കപ്പെടുന്ന സാഹചര്യത്തിൽ പുതുക്കിയ വിസ അപേക്ഷാ ഫോം ഉപയോഗിച്ച് വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടിവരും.
വിസ ഫീസ് തിരികെ ലഭിക്കില്ല

വിസ അപേക്ഷ അംഗീകരിച്ചാലും നിരസിച്ചാലും അടച്ച പ്രോസസ്സിങ് ഫീസ് തിരികെ ലഭിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് നിബന്ധനകൾ ശ്രദ്ധാപൂർവം പരിശോധിക്കണമെന്നും നിർദേശമുണ്ട്.

മലേഷ്യൻ സർക്കാരിൻ്റെ നയങ്ങൾക്കും നിർദേശങ്ങൾക്കും അനുസൃതമായി രാജ്യത്തേക്കുള്ള പ്രവേശന നിബന്ധനകളിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താനുള്ള അധികാരം അധികൃതർക്കുണ്ടെന്നും ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കി.

ഇന്ത്യൻ വിനോദസഞ്ചാരികൾക്കിടയിൽ ഏറെ ജനപ്രിയമായ വിദേശ യാത്രാ കേന്ദ്രമാണ് മലേഷ്യ. ക്വാലാലംപൂർ, ലങ്കാവി, പെനാങ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നിരവധി ഇന്ത്യക്കാരാണ് ഓരോ വർഷവും യാത്ര ചെയ്യുന്നത്. പുതിയ വിസാനയം യാത്രാ ചെലവിലും നടപടിക്രമങ്ങളിലും മാറ്റമുണ്ടാക്കും.

Related Posts