ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിൽ (ജി.കെ.വി.കെ.) മൂന്ന് ദിവസങ്ങളിലായി നടന്ന കൃഷിമേള 2026ന് സമാപനമായി. നവംബർ 16 മുതൽ 18 വരെ നടന്ന മേളയിൽ 9.10 ലക്ഷം കർഷകരും പൊതുജനങ്ങളുമാണ് സന്ദർശകരായി എത്തിയത്. അവസാന ദിവസമായ ബുധനാഴ്ച മാത്രം 4.90 ലക്ഷം പേർ മേള സന്ദർശിച്ചു. ബെംഗളൂരു കാർഷിക സർവകലാശാലയാണ് മേള സംഘടിപ്പിച്ചത്.
ആദ്യദിനം 1.10 ലക്ഷം പേരും രണ്ടാംദിനം 3.10 ലക്ഷം പേരും എത്തിയപ്പോൾ അവസാനദിനത്തിലെ സന്ദർശകരുടെ എണ്ണം വലിയ തോതിൽ വർധിച്ചു. സംസ്ഥാനത്തെ വരൾച്ചാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇത്തവണ പരിമിതമായ രീതിയിലായിരുന്നു മേള സംഘടിപ്പിച്ചത്.
കാലാവസ്ഥാ വ്യതിയാനവും മഴയുടെ അനിശ്ചിതത്വവും നേരിടാൻ സഹായിക്കുന്ന കൃഷിരീതികൾക്കായിരുന്നു ഇത്തവണത്തെ മേളയിൽ പ്രധാന പരിഗണന. ഏകദേശം പത്തേക്കർ സ്ഥലത്ത് 75 ഇനം വിളകളുടെയും വിത്തിനങ്ങളുടെയും പ്രദർശനം ഒരുക്കിയിരുന്നു. വരൾച്ചയെ പ്രതിരോധിക്കുന്ന വിളയിനങ്ങൾ, ജലസംരക്ഷണ മാർഗങ്ങൾ, ജൈവകൃഷി, മണ്ണില്ലാ കൃഷി, ആധുനിക കാർഷിക യന്ത്രങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ടായിരുന്നു.
കൃഷി മേഖലയിലെ പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതിനായി വിവിധ കാർഷിക ഗവേഷണ സ്ഥാപനങ്ങളും സംസ്ഥാനത്തെ അഞ്ച് കാർഷിക സർവകലാശാലകളും പങ്കെടുത്തു. കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി വിദഗ്ധരുടെ നേതൃത്വത്തിൽ ഉപദേശക കേന്ദ്രവും ഒരുക്കിയിരുന്നു. എൽനിനോ പ്രതിഭാസം, കാലാവസ്ഥാ വ്യതിയാനം, കൃത്യതാ കൃഷി, മണ്ണ്-ജല സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകളും സംഘടിപ്പിച്ചു.
പ്രാണികളെക്കുറിച്ചുള്ള പ്രത്യേക പ്രദർശനമായ ‘കീട വിസ്മയം’ സന്ദർശകരുടെ ശ്രദ്ധ നേടി. ഭക്ഷ്യയോഗ്യമായ പ്രാണികൾ ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങളുടെ പ്രദർശനവും മേളയിൽ ഉണ്ടായിരുന്നു. വെട്ടുക്കിളി കബാബ്, മീൽവോം പിസ തുടങ്ങിയ വിഭവങ്ങൾ ഏറെ കൗതുകമുണർത്തി. സംയോജിത കീടനിയന്ത്രണ രീതികൾ കൃഷിയിൽ പ്രാവർത്തികമാക്കേണ്ടതിൻ്റെ ആവശ്യകതയും വിദഗ്ധർ വിശദീകരിച്ചു.
കൃഷിയിൽ മികച്ച നേട്ടം കൈവരിച്ച കർഷകരെയും വനിതാ കർഷകരെയും ചടങ്ങിൽ ആദരിച്ചു. കോലാർ, ചിക്കബെല്ലാപുര ജില്ലകളിലെ പുരോഗമന കർഷകർക്കും കാർഷിക മേഖലയിലെ സംഭാവനകൾ നൽകിയവർക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു. കൃഷി ഉൽപന്നങ്ങളുടെ മൂല്യവർധന, ഭക്ഷ്യസംസ്കരണം, കാർഷിക സംരംഭങ്ങൾ, ഡിജിറ്റൽ കൃഷി തുടങ്ങിയ മേഖലകളിലെ പുതിയ സാധ്യതകളും മേള പരിചയപ്പെടുത്തി.
വൻ ജനപങ്കാളിത്തമുണ്ടായെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ സന്ദർശകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. 2025ൽ നാല് ദിവസങ്ങളിലായി 54 ലക്ഷത്തിലധികം പേർ മേള സന്ദർശിച്ചിരുന്നു. ഇത്തവണ വരൾച്ചയെ തുടർന്ന് ബജറ്റ് പരിമിതപ്പെടുത്തിയതും പ്രദർശന സ്റ്റാളുകളുടെ എണ്ണം കുറഞ്ഞതും പ്രവൃത്തിദിവസങ്ങളിൽ മേള സംഘടിപ്പിച്ചതുമാണ് സന്ദർശകരുടെ എണ്ണം കുറയാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഏകദേശം 600 സ്റ്റാളുകൾ ഉണ്ടായിരുന്നപ്പോൾ ഇത്തവണ 150 സ്റ്റാളുകളാണ് ഒരുക്കിയത്.
കർഷകർക്ക് പുതിയ സാങ്കേതികവിദ്യകളും ശാസ്ത്രീയ കൃഷിരീതികളും പരിചയപ്പെടുത്തുന്നതിനൊപ്പം കാർഷിക മേഖലയിലെ നൂതന സാധ്യതകൾ പൊതുജനങ്ങളിലേക്ക് എത്തിക്കാനും ഇത്തവണത്തെ കൃഷിമേളയ്ക്ക് സാധിച്ചു.