കർണാടകയെ ആഗോള സാങ്കേതികവിദ്യാ കേന്ദ്രമായി കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര പങ്കാളിത്തങ്ങളും പുതിയ സാങ്കേതിക സംരംഭങ്ങളും പ്രഖ്യാപിച്ച് ബെംഗളൂരു ടെക് സമ്മിറ്റ് (ബിടിഎസ്) 2026 സമാപിച്ചു. നവംബർ 19ന് സമാപിച്ച ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി സഹകരണ കരാറുകളിൽ ഒപ്പുവെച്ചതിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്നോളജി, ഡ്രോൺ സാങ്കേതികവിദ്യ, കായിക സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ പുതിയ പദ്ധതികൾക്കും തുടക്കമിട്ടു.
പോളണ്ടിലെ കറ്റോവീസിലെ റീജിയണൽ ചേംബർ ഓഫ് കൊമേഴ്സുമായും കാറ്റോ ഹബ്ബുമായും അതിർത്തി കടന്നുള്ള സഹകരണവും വ്യാപാര അവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി കർണാടക സർക്കാർ സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. യു.എ.ഇയിലെ ദുബായ് കോമർസിറ്റിയുമായും എ.ഐ, പ്രായോഗിക എ.ഐ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും കർണാടകയിലെ സ്റ്റാർട്ടപ്പുകൾക്ക് അന്താരാഷ്ട്ര വിപണികളിലേക്ക് പ്രവേശനം എളുപ്പമാക്കുന്നതിനുമായി ധാരണാപത്രം ഒപ്പിട്ടു.
ജർമനി, ജപ്പാൻ, യൂറോപ്പ് തുടങ്ങിയ മേഖലകളുമായുള്ള ബന്ധം കൂടുതൽ വിപുലീകരിക്കാൻ സർവം എ.ഐ കർണാടകയുടെ ഗ്ലോബൽ ഇന്നൊവേഷൻ അലയൻസിനെ പിന്തുണയ്ക്കും. കർണാടകയിൽ പ്രവർത്തിക്കുന്ന തായ്വാനീസ് കമ്പനികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ബെംഗളൂരുവിലെ തായ്വാനീസ് ചേംബറുകളുമായും സർക്കാർ കരാറിൽ ഏർപ്പെട്ടു.
വടക്കൻ കർണാടകയിൽ എ.ഐ ലാബ്
വിദ്യാർഥികൾക്ക് നൂതന എ.ഐ പരിശീലനം നൽകുന്നതിനായി സർവം എ.ഐയുമായി സഹകരിച്ച് പുതിയ പദ്ധതിയും പ്രഖ്യാപിച്ചു. വടക്കൻ കർണാടകയിൽ എ.ഐ ലാബ് സ്ഥാപിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആധുനിക സൗകര്യങ്ങളും പ്രായോഗിക പരിശീലനവും ലഭ്യമാക്കി 2,000 വിദ്യാർഥികൾക്ക് എ.ഐ മേഖലയിൽ നൈപുണ്യം നേടാൻ അവസരമൊരുക്കും.
ബയോടെക്നോളജി ഗവേഷണത്തിന് പുതിയ പദ്ധതികൾ
ബെംഗളൂരു ബയോഇന്നൊവേഷൻ സെന്റർ മൂന്ന് പ്രധാന സംരംഭങ്ങൾ പ്രഖ്യാപിച്ചു. വ്യാവസായിക ബയോടെക്നോളജി, അനറോബിക് ഡൈജഷൻ മേഖലകളിലെ ഗവേഷണത്തിനായി യു.കെയിലെ യൂണിവേഴ്സിറ്റി ഓഫ് യോർക്കുമായി സഹകരിക്കും. വ്യവസായമേഖലയെ കേന്ദ്രീകരിച്ചുള്ള സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിന് ബെക്ക്മാൻ കൂൾട്ടറുമായും ധാരണയായി.
രാജീവ് ഗാന്ധി ആരോഗ്യശാസ്ത്ര സർവകലാശാലയുടെയും എച്ച്.സി.ജി ആശുപത്രിയുടെയും സഹകരണത്തോടെ ‘കർണാടക പ്രൈഡ്’ (Karnataka PRIDE – Peptide Research Development Enterprise) പദ്ധതിക്കും തുടക്കമിട്ടു. പെപ്റ്റൈഡ് ഗവേഷണവും പുതിയ ചികിത്സാരീതികളുടെ വികസനവുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ലൈഫ് സയൻസ്, ബയോടെക്നോളജി സഹകരണം ശക്തിപ്പെടുത്തുന്നതിനായി സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ പ്ലാറ്റ്ഫോംസ് (സി-ക്യാമ്പ്) ഫ്രാൻസിലെ ജിനോപോളുമായി ധാരണാപത്രം ഒപ്പിട്ടു. സൈബർ സുരക്ഷാ ബോധവത്കരണം, പരിശീലനം, ഗവേഷണം, സ്റ്റാർട്ടപ്പുകൾക്കുള്ള മാർഗനിർദേശം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സെന്റർ ഓഫ് എക്സലൻസ് ഫോർ സൈബർ സെക്യൂരിറ്റി (സൈസെക്) ഡി.എസ്.വി ഫൗണ്ടേഷനുമായും സഹകരിക്കും.
ചിക്കബല്ലാപുരയിൽ ഡ്രോൺ പരീക്ഷണകേന്ദ്രം
ഡ്രോൺ സാങ്കേതികവിദ്യയുടെ പരീക്ഷണത്തിനും വികസനത്തിനുമായി ചിക്കബല്ലാപുര ജില്ലയിലെ ജീദരഹള്ളി ഗ്രാമത്തിൽ പ്രത്യേക കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. കർണാടക ഇന്നൊവേഷൻ ആൻഡ് ടെക്നോളജി സൊസൈറ്റിയും ഡ്രോൺ ഫെഡറേഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഡ്രോണുകളുടെ പറക്കൽ പരീക്ഷണത്തിനുള്ള മേഖലകൾ, റൺവേകൾ, ലാൻഡിങ് സൗകര്യങ്ങൾ, ടെലിമെട്രി-ആശയവിനിമയ സംവിധാനങ്ങൾ, വർക്ക്ഷോപ്പുകൾ, ഹാംഗറുകൾ തുടങ്ങിയവ ഇവിടെ ഒരുക്കും. വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിന് മുമ്പ് ഡ്രോൺ സാങ്കേതികവിദ്യകൾ പരീക്ഷിക്കാനും ഗുണനിലവാരം ഉറപ്പാക്കാനും സ്റ്റാർട്ടപ്പുകൾക്കും കമ്പനികൾക്കും ഈ കേന്ദ്രം സഹായകമാകും.
ബെംഗളൂരുവിൽ സ്പോർട്സ് ടെക്നോളജി സെന്റർ
ഇന്ത്യയിലെ ആദ്യ സർക്കാർ സ്പോർട്സ് ടെക്നോളജി സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനായി അമാഗി മീഡിയ ലാബ്സുമായി കർണാടക സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടു. ബെംഗളൂരുവിലായിരിക്കും കേന്ദ്രം പ്രവർത്തിക്കുക.
സ്പോർട്സ് അനലിറ്റിക്സ്, ഡീപ്ടെക്, ബയോമെക്കാനിക്സ്, കായികതാരങ്ങളുടെ പ്രകടനവികസനം, പരിക്കുകൾ തടയുന്നതിനുള്ള സാങ്കേതികവിദ്യകൾ, സ്പോർട്സ് ഉപകരണങ്ങളുടെ വികസനം തുടങ്ങിയ മേഖലകൾക്ക് കേന്ദ്രം പ്രാധാന്യം നൽകും. പദ്ധതിക്ക് സർക്കാർ പ്രാരംഭ ധനസഹായവും അടിസ്ഥാന സൗകര്യ പിന്തുണയും നൽകും. വ്യവസായമേഖലയുടെ നേതൃത്വത്തിൽ കായികരംഗത്തിൻ്റെ ആവശ്യങ്ങൾക്കനുസരിച്ചായിരിക്കും കേന്ദ്രത്തിൻ്റെ പ്രവർത്തനമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.
2027ൽ ബെംഗളൂരുവിൽ ജിടെക്സ് എ.ഐ ഇന്ത്യ
2027 ജൂൺ 2 മുതൽ 4 വരെ ബെംഗളൂരുവിൽ ആദ്യമായി ജിടെക്സ് എ.ഐ ഇന്ത്യ സംഘടിപ്പിക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററും കാവൂൺ ഇന്റർനാഷണലും കർണാടക സർക്കാരിൻ്റെ തന്ത്രപരമായ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
1,600ലധികം പ്രദർശകർ, 200 ആഗോള നിക്ഷേപകർ, 550ലധികം പ്രഭാഷകർ എന്നിവർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 60,000ത്തിലധികം സന്ദർശകരെയും പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നുണ്ട്.
പരിസ്ഥിതി സൗഹൃദ ഉച്ചകോടിയെന്ന ലക്ഷ്യത്തോടെ മാലിന്യങ്ങൾ പത്ത് വിഭാഗങ്ങളായി വേർതിരിച്ച് ശേഖരിക്കുന്ന സംവിധാനവും ഒരുക്കിയിരുന്നു. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കുന്നതിനായി 12 ജലവിതരണ കേന്ദ്രങ്ങളും സജ്ജമാക്കി. സാങ്കേതികവിദ്യാ രംഗത്തെ ആഗോള സഹകരണത്തിനും പുതിയ സംരംഭങ്ങൾക്കും വഴിയൊരുക്കിയ ഉച്ചകോടി കർണാടകയുടെ ടെക് ഹബ് എന്ന നിലയിലുള്ള വളർച്ചയ്ക്ക് കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തൽ.