ബെംഗളൂരു നമ്മ മെട്രോ തുമക്കൂരുവിലേക്ക് നീട്ടാനുള്ള നടപടികളുമായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎം ആർസി. ഗ്രീൻ ലൈനിൽ മാധവാരയിൽ നിന്നാണ് പാത തുമക്കൂരുവിലേക്കു നീട്ടുന്നത്. 2 വർഷം മുൻപ് തുമക്കൂരുവിൻ്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി ജി. പരമേശ്വരയാണ് മെട്രോ നീട്ടണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത്. ഏകദേശം 20896 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 27 സ്റ്റേഷനുകൾ ആണ് ഉണ്ടാവുക. മാധവാര മുതൽ നെലമംഗല വരെ 1-2 കി ലോമീറ്ററിനുള്ളിലും നെലമംഗല മുതൽ തുമക്കൂരു വരെ 4-5 കിലോമീറ്ററിനുള്ളിലുമാണ് സ്റ്റേഷനുകൾ.
59.6 കി.മീ പാതയ്ക്ക് വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കാൻ കരാർ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാൻ ഒരാഴ്ച സമയം അനുവദിച്ചു. കരാറായാൽ 5 മാസം കൊണ്ട് ഡിപിആർ തയാറാക്കണം. സാധ്യതാ പഠനത്തിന് ഈ വർഷം ആദ്യം സർക്കാർ അംഗീകാരം നൽകിയിരുന്നു.