ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കി പെരുവന്താനത്താണ് ടാപ്പിംഗ് തൊഴിലാളിക്ക് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. കാഞ്ഞിരപ്പളി തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ (64) ആണ് മരിച്ചത്. ഇന്നു രാവിലെ മതമ്പയിൽ 10 മണിയോടെയായിരുന്നു സംഭവം.
ഇടുക്കി മതമ്പയിൽ റബർ തോട്ടം പാട്ടത്തിനെടുത്ത് നോക്കിനടത്തുകയായിരുന്നു പുരുഷോത്തമൻ. രാവിലെ പുരുഷോത്തമനും മകനും ചേർന്ന് ടാപ്പിംഗ് നടത്തുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
ഇരുവരും കാട്ടാന വരുന്നതുകണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പുരുഷോത്തമൻ ആക്രമണത്തിനിരയാവുകയായിരുന്നു. പിന്നാലെ വയോധികനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.