പോക്‌സോ കേസിൽ പ്രതിയായ പൈലറ്റിനെ ലാൻഡിങ്ങിന് പിന്നാലെ കോക്ക്പിറ്റിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്‌തു. ഡെൽറ്റ എയർലൈൻസിലെ പൈലറ്റായ ഇന്ത്യൻ വംശജൻ റസ്റ്റം ഭാഗ് വാഗറി(34)നെയാണ് സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ്ചെയ്‌തത്. വിമാനം ലാൻഡ്‌ചെയ്ത് 10 മിനിറ്റിനുള്ളിൽ കോക്ക്പിറ്റിൽ കയറിയാണ് അധികൃതർ പൈലറ്റിനെ കസ്റ്റഡിയിലെടുത്തതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പൈലറ്റിനെ 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് നാടകീയമായി പിടികൂടിയത്. മിനിയാപോളിസിൽ നിന്ന് ഞായറാഴ്‌ച രാവിലെ ഏഴുമണിയോടെ സാൻഫ്രാൻസിസ്കോയിൽ എത്തിയ ഡെൽറ്റ എയർലൈൻസിൻ്റെ ബോയിങ് 757-300 വിമാനത്തിലെ പൈലറ്റായിരുന്നു റസ്റ്റം. 2025 ഏപ്രിലിലാണ് 10 വയസ്സിന് താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പോലീസ് റസ്റ്റത്തിനെതിരേ അന്വേഷണം ആരംഭിച്ചത്.
യാത്രക്കാർ വിമാനം ലാൻഡ് ചെയ്‌ത് പുറത്തിറങ്ങുന്നതിനിടെയാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റ് ഏജൻറുമാരും കോൺട്ര കോസ്റ്റ കൗണ്ടി ഷെറീഫ് ഉദ്യോഗസ്ഥരും വിമാനത്തിനുള്ളിലേക്ക് ഇരച്ചെത്തിയത്. തോക്കുകളുമായെത്തിയ ഏജൻറുമാർ പിന്നാലെ കോക്ക്പിറ്റിലേക്ക് കടന്നെന്നും തുടർന്ന് കൈവിലങ്ങ് വെച്ചാണ് പ്രതിയായ പൈലറ്റുമായി തിരിച്ചിറങ്ങിയതെന്നും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ പറഞ്ഞു.