പുറംകടലിൽ ബേപ്പൂരിനു സമീപം തീപിടിച്ച ‘വാൻഹായ് 503’ കപ്പലിൽ നിന്നു വീണ്ടെടുത്ത വിഡിആർ (വോയേജ് ഡാറ്റാ റെക്കോർഡർ) ഇന്ന് കപ്പൽ ക്യാപ്റ്റൻ്റെ നേതൃത്വത്തിൽ പരിശോധനയ്ക്കു വിധേയമാക്കും. വിഡിആറിൽ നിന്നു കപ്പലപകടത്തെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുമെന്ന ക ണക്കുകൂട്ടലിലാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ്. മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം, കപ്പലിൻ്റെ വേഗം, ദിശ, ക്രൂ അംഗങ്ങളുടെ സംസാരം തുടങ്ങിയവ ഇ തിലുണ്ടാകും. ഇപ്പോഴും കപ്പലിൽ നിന്ന് പുക ഉയരുന്നുണ്ട്.
സക്ഷം കപ്പലിൻ്റെ സഹായത്തോടെ കൂടുതൽ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ചു തീയണയ്ക്കൽ പുരോഗമിക്കുകയാണ്. സരോജ ബ്ലസിംഗ്, വാട്ടർ ലില്ലി, ബോക്ക വിങ്കർ എന്നിവയുടെ സഹായത്തോടെ കപ്പലിനെ ഇപ്പോഴും തണുപ്പിച്ചുകൊണ്ടിരിക്കുന്നു. 72 മണിക്കൂറിനകം ഇന്ത്യൻ തീരത്തിന് 100 നോട്ടിക്കൽ മൈൽ അകലേക്കു കപ്പലിനെ കൊണ്ടുപോകാൻ കപ്പൽ കമ്പനിക്കു ഡിജി ഷിപ്പിംഗ് നിർദേശം നൽകി. കപ്പലിനെ ഇന്ത്യൻ തീരത്തിന് 200 നോട്ടിക്കൽ മൈൽ അകലേക്കു നീക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേക്ക് പൂർണമായി തീയണഞ്ഞാൽ കൊണ്ടുപോകും.